വിറ്റത് 900 കാറുകൾ; കേരളം ബെൻസിന്റെ മികച്ച വിപണി
Mail This Article
തിരുവനന്തപുരം∙ രാജ്യത്ത് കഴിഞ്ഞ വർഷം വിറ്റ 17800 മെഴ്സിഡീസ് ബെൻസ് കാറുകളിൽ 900 എണ്ണവും കേരളത്തിലാണെന്ന് മെഴ്സിഡീസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ സന്തോഷ് അയ്യർ പറഞ്ഞു. രാജ്യത്തെ മെഴ്സിഡീസ് ബെൻസ് കാറുകളുടെ വിപണിയുടെ 5 ശതമാനവും കേരളത്തിലാണ്. കഴിഞ്ഞ വർഷം രാജ്യത്താകെ 10% വളർച്ച മെഴ്സിഡീസ് ബെൻസ് നേടിയപ്പോൾ കേരളത്തിൽ അത് 18 ശതമാനമാണ്. ഇലക്ട്രിക് വാഹന വിപണിയുടെ കാര്യത്തിലും കേരളം മുന്നിലാണ്. രാജ്യത്താകെ 4% വിൽപന നടക്കുമ്പോൾ കേരളത്തിൽ 10 ശതമാനമാണ്.
നിലവിൽ കേരളത്തിൽ മെഴ്സിഡീസ് ബെൻസിന്റെ റിസർച് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തുടങ്ങാൻ ഉദ്ദേശമില്ല. ബെംഗളൂരുവിൽ റിസർച് സ്ഥാപനം ഉണ്ട്. കേരളത്തിൽ ബാർട്ടൺ ഹിൽ കോളജിലെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടമോട്ടീവ് മെക്കട്രോണിക്സ് കോഴ്സിലൂടെ വിദ്യാർഥികൾക്കു പരിശീലനം ഒരുക്കുന്നുണ്ട്. 13 ബാച്ചുകളിലായി പഠിച്ച 215 വിദ്യാർഥികൾക്കും ജോലി ലഭിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ പേർക്കും മെഴ്സിഡീസ് ബെൻസിൽ തന്നെ ജോലി ലഭിച്ചു. തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ എൻജിനീയറിങ് കോളജിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടമോട്ടീവ് മെക്കട്രോണിക്സ് കോഴ്സ് ആരംഭിച്ച 10–ാം വാർഷികത്തിന് എത്തിയതാണ് സന്തോഷ് അയ്യർ.