ആഗോള വില താഴ്ന്നിട്ടും സിഎൻജിക്ക് ‘തീ’വില
Mail This Article
കൊച്ചി ∙ പെട്രോൾ – ഡീസൽ വില ആകാശം തൊടുന്ന കാലത്ത് ‘ആശ്വാസ’മായി അവതരിപ്പിച്ച പ്രകൃതി വാതകത്തിന് (എൽഎൻജി) ആഗോള വിപണിയിൽ വില താഴുമ്പോഴും ഇന്ത്യയിലെ ഉപയോക്താക്കൾ ‘തീ’വില നൽകേണ്ട ഗതികേടിൽ. ആഗോള വിപണിയിലെ വില ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും വാഹന ഇന്ധനമായി ഉപയോഗിക്കുന്ന സമ്മർദിത പ്രകൃതി വാതകത്തിന് (സിഎൻജി) ഇപ്പോഴും പൊള്ളുന്ന വില.
2016 ൽ ഒരു മെട്രിക് മില്യൻ ബ്രിട്ടിഷ് തെർമൽ യൂണിറ്റ് (എംഎംബിടിയു) എൽഎൻജിക്കു 2 ഡോളർ വിലയുണ്ടായിരുന്നപ്പോൾ കൊച്ചിയിൽ ഒരു കിലോഗ്രാം സിഎൻജി ലഭിച്ചിരുന്നത് 47 രൂപയ്ക്ക്. ഇപ്പോൾ ഒരു എംഎംബിടിയു എൽഎൻജിയുടെ ആഗോള വില 1.65 ഡോളർ മാത്രം. കൊച്ചിയിലെ സിഎൻജിയാകട്ടെ, കിലോഗ്രാമിന് 85.50 രൂപ; വില വർധന 82 %. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ കിലോഗ്രാമിനു 85.50 രൂപയാണു വില. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ 88 രൂപ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ വിതരണം ആരംഭിച്ചിട്ടില്ല.
‘തൊടാൻ മടിച്ച്’ കേന്ദ്ര സർക്കാർ
ആഗോള വിതരണ ശൃംഖല ഊർജിതമായതോടെ എൽഎൻജി വില ഗണ്യമായി കുറഞ്ഞു. ഇറക്കുമതി വാതകവും ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന വാതകവും പകുതി വീതം ചേർത്താണു കമ്പനികൾ വിതരണം ചെയ്യുന്നത്. ആഭ്യന്തര എൽഎൻജിയുടെ വില ഒരു എംഎംബിടിയുവിന് 6.5 ഡോളറാണെങ്കിലും ഇറക്കുമതി വാതകം കൂടി ചേർക്കുമ്പോൾ വില ശരാശരി 4.5 ഡോളറായി കുറയും. സർക്കാർ മനസ്സു വച്ചാൽ കിലോഗ്രാമിന് 60 രൂപ നിരക്കിൽ സിഎൻജി ലഭ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.