ഔഷധശാലിയാണ് രക്തശാലി
Mail This Article
തൃശൂർ ∙ കടുംചുവപ്പു നിറം, കിലോഗ്രാമിന് 300 രൂപ വില, ഔഷധഗുണങ്ങളുടെ പട്ടിക നെടുനീളൻ.. പാവറട്ടി എളവള്ളി കൃഷിഭവന്റെ സഹായത്തോടെ ജിയോ ഓർഗാനിക് ഫാം എന്ന കർഷക കൂട്ടായ്മ കഴിഞ്ഞ ദിവസം വിപണിയിലിറക്കിയ രക്തശാലി എന്ന അരിയുടെ വിശേഷങ്ങളാണിവ. ഏറെ നൂറ്റാണ്ടുകൾക്കു മുൻപു കൃഷി നിലയ്ക്കുകയും വിത്ത് ലഭ്യമല്ലാതാകുകയും ചെയ്ത രക്തശാലി, 70 സെന്റ് വയലിൽ പരീക്ഷണാടിസ്ഥാനത്തിലാണു കൃഷിയിറക്കിയത്. 700 കിലോ നെല്ലു ലഭിച്ചു. ഇതു കുത്തി അരിയാക്കി ജിയോ രക്തശാലി ജൈവ അരി എന്ന ബ്രാൻഡിൽ പുറത്തിറക്കി. ആദ്യ ഉദ്യമമെന്ന നിലയിൽ കിലോഗ്രാമിന് 200 രൂപയ്ക്കാണു തൽക്കാലം വിൽപന.
കർഷകരത്ന പുരസ്കാര ജേതാവ് രഘുവിൽ നിന്നു വിത്തു സംഘടിപ്പിച്ചാണു വാക കാക്കാത്തുരുത്തു പാടത്തു കൂട്ടായ്മ കൃഷിയിറക്കിയത്. വിത്തിനു മാത്രം കിലോയ്ക്കു 120 രൂപ വിലയുണ്ട്. കൃഷി ഓഫിസർ സി.ആർ. രാകേഷിന്റെ നിർദേശ പ്രകാരം കൃത്യമായ അളവിൽ വെള്ളവും ജൈവ വളങ്ങളും നൽകി. 97 ദിവസം മൂപ്പെത്തിയപ്പോൾ കൊയ്തു.
ഹീമോഗ്ലോബിന്റെ അളവു കൂടുതലുള്ളതിനാൽ രക്തവർധിനിയെന്ന പേരിലാണു രക്തശാലി അരി അറിയപ്പെടുന്നതെന്നു ജിയോ ഓർഗാനിക് ഫാം കൂട്ടായ്മ പ്രസിഡന്റ് ഇ.ജി. പീറ്റർ പറയുന്നു. കൊളസ്ട്രോൾ, നാഡീതളർച്ച, വാതം തുടങ്ങിയ അസുഖങ്ങൾക്ക് ഉത്തമം. കഞ്ഞി രൂപത്തിൽ കഴിക്കുന്നതാണു കൂടുതൽ രുചികരം. മറ്റു പല നെല്ലിനങ്ങൾക്കും ഏക്കറിന് 2500 മുതൽ 3000 കിലോ വരെ വിളവു ലഭിക്കുമ്പോൾ രക്തശാലിക്കു ശരാശരി 1000 കിലോ വരെയേ വിളവു ലഭിക്കൂ. എന്നാൽ, ഉയർന്ന വിലയുള്ളതിനാൽ കർഷകർക്കും മെച്ചം. എളവള്ളി പഞ്ചായത്തിന്റെ കുടുംബശ്രീ സ്റ്റാൾ വഴിയാണു വിൽപന.