രാജ്യത്തെവിടെ നിന്നും കമ്പനികൾക്ക് ഹരിത ഊർജം: ചട്ടം നിർബന്ധമാക്കി കേന്ദ്രം
Mail This Article
ന്യൂഡൽഹി∙ കുറഞ്ഞത് 100 കിലോവാട്ട് ആവശ്യകതയുള്ള (കണക്റ്റഡ് ലോഡ്) കമ്പനിക്ക് രാജ്യത്തെവിടെ നിന്നും ഹരിത വൈദ്യുതി വാങ്ങാനുള്ള 'ഗ്രീൻ ഓപ്പൺ ആക്സസ്' ചട്ടം ഉടൻ നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു. 15 ദിവസത്തിനകം ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകണം.
ഗ്രീൻ എനർജി ഓപ്പൺ ആക്സസ് ചട്ടം കേന്ദ്രം കഴിഞ്ഞ വർഷം വിജ്ഞാപനം ചെയ്തെങ്കിലും പല സംസ്ഥാനങ്ങളിലും നടപ്പായിട്ടില്ല. വൻകിട ഉപയോക്താക്കൾക്ക് കെഎസ്ഇബി പോലെ അതതു പ്രദേശങ്ങളിലുള്ള വിതരണക്കമ്പനികളിൽ നിന്നല്ലാതെ, കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാമെന്നതാണ് മെച്ചം.
1,000 കിലോവാട്ട് ആവശ്യകതയുള്ള (കണക്റ്റഡ് ലോഡ്) കമ്പനികൾക്ക് പൊതുവിപണിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ മുൻപ് തന്നെ വ്യവസ്ഥയുണ്ട്. ഹരിത ഊർജമാണെങ്കിൽ 100 കിലോവാട്ട് കണക്റ്റഡ് ലോഡുള്ള സ്ഥാപനങ്ങൾക്കും വാങ്ങാം.
ഒരു സ്ഥാപനത്തിന് മറ്റൊരു സംസ്ഥാനത്ത് സോളർ പ്ലാന്റോ കാറ്റാടിപ്പാടമോ ഉണ്ടെങ്കിൽ അവിടെ നിന്ന് വൈദ്യുതി കേരളത്തിലെത്തിക്കാം. സ്വന്തമായി ഹരിത ഊർജ പ്ലാന്റ് ഇല്ലെങ്കിലും ഇന്ത്യയിൽ എവിടെയും അത് ഉൽപാദിപ്പിക്കുന്ന കമ്പനികളിൽ നിന്നു നേരിട്ടു വാങ്ങാം.