ADVERTISEMENT

ബെംഗളൂരു∙ എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ പുറത്താക്കി കമ്പനി ഭരണം പിടിച്ചെടുക്കാനായി നിക്ഷേപ പങ്കാളികൾ ഇജിഎം (എക്സ്ട്രാഓർഡിനറി ജനറൽ മീറ്റിങ് ) സംഘടിപ്പിച്ചു. കമ്പനിയുടെ 32% ഓഹരി പങ്കാളിത്തമുള്ള 6 നിക്ഷേപകരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ഇജിഎമ്മിൽ ബൈജു രവീന്ദ്രനെ പുറത്താക്കാൻ ഏകകണ്ഠമായി തീരുമാനമെടുത്തതായാണ് ഇവർ അവകാശപ്പെടുന്നത്. ഇതിനു പുറമെ ബോർഡ് പുനസംഘടിപ്പിക്കാനും, കമ്പനി ഏറ്റെടുക്കലുകളെ കുറിച്ച് ഫോറൻസിക് ഓഡിറ്റ് അന്വേഷണം നടത്താനും ആവശ്യപ്പെട്ടുള്ള 7 പ്രമേയങ്ങൾക്ക് അനുകൂലമായി 60% പേർ വോട്ട് ചെയ്തെന്നാണ് അവകാശവാദം. 40 പേർക്കായിരുന്നു വോട്ടവകാശം. 

എന്നാൽ 47% പേർ മാത്രമേ അനുകൂലിച്ചുള്ളൂ എന്നാണ് ബൈജൂസ് മാനേജ്മെന്റ് വൃത്തങ്ങൾ പറയുന്നത്. ബൈജു രവീന്ദ്രനും കുടുംബത്തിനും കമ്പനിയുടെ 26.3% ഓഹരിയാണുള്ളത്. കമ്പനിചട്ടങ്ങൾക്ക് വിരുദ്ധമായാണ് ഇജിഎം സംഘടിപ്പിച്ചതെന്ന് ആരോപിച്ച് ബൈജുവും ഭാര്യ ദിവ്യ ഗോകുൽനാഥും സഹോദരൻ റിജു രവീന്ദ്രനും വിട്ടുനിന്നു. സൂം ആപ് മുഖേന നടത്തിയ ഓൺലൈൻ യോഗത്തിൽ പ്രമുഖ നിക്ഷേപ പങ്കാളികളായ സർ മൈക്കൽ നൈറ്റ്, നതാലിയ ക്രൂസ്, പീറ്റേഴ്സൺ തുടങ്ങിയവർ പങ്കെടുത്തു. ഇവർക്കു പുറമേ 200ൽ അധികം അജ്ഞാതർ കൂടി കടന്നുകയറി, പുറത്താക്കൽ പ്രമേയത്തിന്മേലുള്ള വോട്ടിങ് നടപടിക്രമങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചതായും സൂചനയുണ്ട്. ബൈജൂസ് ജീവനക്കാരാണ് കടന്നുകയറിയതെന്നാണ് ആരോപണം. 

അതേസമയം ഇജിഎമ്മിലെ തീരുമാനം എന്തുതന്നെയായാലും മാർച്ച് 13 വരെ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേകരുടെ അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് നിക്ഷേപക കൂട്ടായ്മ നാഷനൽ കമ്പനി നിയമ ട്രൈബ്യൂണലിന്റെ ബെംഗളൂരു ബെഞ്ചിനെ സമീപിച്ചു.  കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിലെ കെടുകാര്യസ്ഥതയും ദുരൂഹതയും ആരോപിച്ച് പ്രോസസ്, ജനറൽ അറ്റ്ലാന്റിക്, സോഫീന, പീക്ക് ഫിഫ്റ്റീൻ തുടങ്ങിയ നിക്ഷേപകരാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.

English Summary:

Byju’s investors vote to oust CEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com