ഭൂട്ടാനിൽ റിസോർട്ടുമായി മലയാളി സംരംഭക
Mail This Article
കൊച്ചി ∙ ഭൂട്ടാനിലെ റിസോർട്ട് ഉൾപ്പെടെ പുതിയ സംരംഭങ്ങളുമായി മലയാളി സംരംഭക ശ്രുതി ഷിബുലാലിന്റെ നേതൃത്വത്തിലുള്ള താമര ലീഷർ എക്സ്പീരിയൻസസ്. ഭൂട്ടാനിലെ പറോയിൽ റിസോർട്ട് പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതായി ശ്രുതി ഷിബുലാൽ പറഞ്ഞു. ദക്ഷിണേന്ത്യയിലെ വിവിധയിടങ്ങളിൽ ഇക്കോണമി വിഭാഗം ‘ലൈലാക്’ ഹോട്ടലുകൾ തുറക്കുന്നുണ്ട്. 38 മുറികളുള്ള ‘ലൈലാക് ഗുരുവായൂർ’ ആണ് കേരളത്തിൽ ആദ്യത്തേത്. തമിഴ്നാട്ടിലെ കുംഭകോണം, വേളാങ്കണ്ണി എന്നിവിടങ്ങളിലും ലൈലാക് ഹോട്ടലുകൾ തുറക്കും. കണ്ണൂരിലും ഉടനെത്തും. പുതിയ റിസോർട്ട് പദ്ധതി ആലപ്പുഴയിലാണ്.
ഉത്തരേന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബിഹാറിലെ ബോധ്ഗയയിലും പുതിയ പദ്ധതിക്കു തുടക്കമിടും.
താമര റിസോർട്സ്, ഒ ബൈ താമര, ലൈലാക് വിഭാഗങ്ങളിലാണ് ഹോട്ടലുകളുടെ പ്രവർത്തനം. ബിസിനസ് ഹോട്ടലായ ഒ ബൈ താമരയുടെ കോയമ്പത്തൂരിലെ പ്രവർത്തനം തുടങ്ങി. ഈ വിഭാഗത്തിൽ തിരുവനന്തപുരത്തും ഹോട്ടലുണ്ട്. കർണാടകയിലെ കൂർഗിലും തമിഴ്നാട്ടിലെ കൊടൈക്കനാലിലുമാണ് ദ് താമര റിസോർട്സ് ഉള്ളത്. ഇൻഫോസിസ് സഹസ്ഥാപകൻ ഷിബുലാലിന്റെ മകളാണു ശ്രുതി.