ആദ്യ ഹൈഡ്രജൻ ബോട്ട് ഫ്ലാഗ് ഓഫ് ചെയ്തു
Mail This Article
കൊച്ചി ∙ ജലഗതാഗത യാത്രയിൽ പുതിയ അധ്യായം തുറന്ന് ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ബോട്ട് നീറ്റിലിറക്കി. കൊച്ചി ഷിപ്‌യാഡ് നിർമിച്ച ഹൈഡ്രജൻ ഫ്യുവൽ സെൽ ബോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് തൂത്തുക്കുടിയിൽ നിന്ന് ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിലാണ് ഈ ബോട്ട് സർവീസ് നടത്തുക.
‘ഹരിത നൗക’ പദ്ധതിയുടെ ഭാഗമായാണു ബോട്ട് നിർമിച്ചത്. പരീക്ഷണ സർവീസുകൾക്കു ശേഷം ബോട്ട് ജലമാർഗം വാരാണസിയിലേക്കു കൊണ്ടുപോകും. അവിടെ കടത്തു സർവീസിനാണ് ഉപയോഗിക്കുക. കെപിഐടി ടെക്നോളജീസ്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്, ഇന്ത്യൻ റജിസ്റ്റർ ഓഫ് ഷിപ്പിങ്, പീന്യ ഇൻഡസ്ട്രിയൽ ഗ്യാസസ് എന്നിവരുമായി സഹകരിച്ചാണു ബോട്ടിന്റെ നിർമാണം. കൊച്ചി ഷിപ്‌യാഡിൽ നടന്ന ചടങ്ങിൽ ഷിപ്‌യാഡ് സിഎംഡി മധു എസ്.നായർ, ഹൈബി ഈഡൻ എംപി, ഓപ്പറേഷൻസ് ഡയറക്ടർ ശ്രീജിത് നാരായണൻ, ഫിനാൻസ് ഡയറക്ടർ വി.ജെ.ജോസ്, ടെക്‌നിക്കൽ ഡയറക്ടർ ബിജോയ് ഭാസ്കർ എന്നിവർ പ്രസംഗിച്ചു.
ഹൈഡ്രജൻ ഫ്യൂവൽ സെൽ വെസലുകൾ ലക്ഷ്യമിടുന്നത് ആഗോള വിപണി കൂടിയാണ്. ഹരിത നൗക പദ്ധതിയിൽ 1000 ബോട്ടുകൾ നിർമിക്കുക എന്നത് കൊച്ചി ഷിപ്‌യാഡിന്റെ അടുത്ത ലക്ഷ്യമാണ്. തീരമേഖലയും ഉൾനാടൻ ജല ഗതാഗതവുമുള്ള സംസ്ഥാനങ്ങളുമായി ചേർന്നാകും പദ്ധതി. ഹൈഡ്രജൻ ഫ്യുവൽ സെൽ, ഇലക്ട്രിക് ബോട്ടുകൾ ഉൾപ്പെടെ അതിലുണ്ടാകും.
മധു എസ്.നായർ, കൊച്ചി ഷിപ്‌യാഡ് സിഎംഡി