ADVERTISEMENT

"കൊച്ചി ഇൻഫോ പാർക്കിന് ഇനിയും മുന്നേറാൻ ഒട്ടേറെ അവസരങ്ങളാണുള്ളത്. വേണ്ടത് കൃത്യമായ ആസൂത്രണവും അത് നടപ്പാക്കലുമാണ്. ഐ ടി രംഗത്തെ അതിവേഗ മാറ്റങ്ങൾക്കൊപ്പം ചുവട് വയ്ക്കാൻ ഇൻഫോപാർക്കിന് ചില മാറ്റങ്ങളാണിനി വേണ്ടത്". ഇൻഫോ പാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് കുറുന്തിൽ പറയുന്നു. അനുദിനമുള്ള മാറ്റങ്ങൾക്കൊപ്പം ഇന്‍ഫോപാർക്കിനെ സജ്ജമാക്കുകയാണ് ഈ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം. ഐടിയില്‍ ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെയുള്ള അവസരങ്ങള്‍ കേരളം ഉപയോഗപ്പെടുത്തേണ്ടതിനെക്കുറിച്ച് അദ്ദേഹം മനോരമ ഓൺലൈനോടു സംസാരിച്ചു.

∙സംസ്ഥാനത്തിന്റെ വികസനത്തിൽ ഐടിയ്ക്ക് മുന്തിയ പ്രാധാന്യമാണുള്ളത്. ഇതിൽ ഇൻഫോപാർക്കിന്റെ പങ്കെന്ത്?

ഇൻഫോപാർക് സിഇഒ സുശാന്ത് കുറുന്തിൽ (Photo:onmanorama)
ഇൻഫോപാർക് സിഇഒ സുശാന്ത് കുറുന്തിൽ (Photo:onmanorama)

ഇൻഫോപാർക്കിലേയ്ക്ക് വരാൻ തയാറെടുത്തിരിക്കുന്ന 120 കമ്പനികളാണിപ്പോഴുള്ളത് എന്നു പറയുമ്പോൾ ഐടി മേഖലയിൽ ഈ പാർക്കിന്റെ പ്രാധാന്യം വ്യക്തമാണ്. നാം ഇപ്പോഴുള്ളത് കൃത്യമായ വഴിത്തിരിവിലാണ്. ഐടി വ്യവസായം എഐ അധിഷ്ഠിതമാകുമ്പോൾ വലിയ മാറ്റമാണ് വരുന്നത്. മാത്രമല്ല, കോവിഡിനുശേഷം വൻനഗരങ്ങളിലെ ഐടി കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾ കൊച്ചി, കോയമ്പത്തൂർ പോലുള്ള ചെറു നഗരങ്ങളിലേയ്ക്ക് മാറ്റികൊണ്ടിരിക്കുകയാണ്. വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ജീവനക്കാർ മടങ്ങിയെത്തിയതോടെ ബംഗളൂരു, ഹൈദരാബാദ് പോലുള്ള നഗരങ്ങളിലെ ഓഫീസുകൾ കൂടുതൽ തിരക്കേറിയതായി. അതോടെ സ്വാഭാവികമായും അവർ തങ്ങളുടെ  വീടിനടുത്തുള്ള ഓഫീസുകളിലേയ്ക്ക് മാറാന്‍ താൽപ്പര്യപ്പെടുന്ന സ്ഥിതി വിശേഷം ഇപ്പോഴുണ്ട്. ഇത് കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ, മൈസൂരു, ലഖ്നൗ, ചണ്ഡീഗഡ് തുടങ്ങി രണ്ടാം നിര നഗരങ്ങൾക്ക് മികച്ച അവസരമാണൊരുക്കുന്നത്. ഈ അവസരം നമ്മൾ മുതലാക്കണം. കേരളം ഐ ടിയിലും ടൂറിസത്തിലുമൊക്കെ അറിയപ്പെടുന്ന പേരാണ്. പ്രവാസികളുടെ സാന്നിധ്യം എല്ലായിടത്തുമുണ്ട്. അതെല്ലാം നമുക്ക് ഉപയോഗപ്പെടുത്താം. നമ്മുടെ വിമാനത്താവളങ്ങളുൾപ്പടെ മികച്ച സൗകര്യങ്ങളുണ്ട്. വൻനഗരങ്ങളിലെപ്പോലെ ശ്വാസം മുട്ടിക്കുന്ന തിരക്കില്ല. 'വർക്കേഷൻ' പോലുള്ള പുതിയ പ്രവണതകളും നമുക്ക് ഉപയോഗപ്പെടുത്താനാകും. അടുത്ത ഘട്ടത്തിൽ മെട്രോ നേരിട്ട് ഇൻഫോ പാർക്കിലേക്ക് എത്തുന്നതും നേട്ടമാകും.

ഇൻഫോ പാര്‍ക്ക് ( ഫയൽ ചിത്രം : ജോസ്കുട്ടി പനയ്ക്കൽ)
ഇൻഫോ പാര്‍ക്ക് ( ഫയൽ ചിത്രം : ജോസ്കുട്ടി പനയ്ക്കൽ)

∙ ഈ മികവുകൾ എങ്ങനെ നേട്ടമാക്കാം?

ഇവിടെ പൂണെയുടെ നേട്ടം മാതൃകയാക്കാം. ചെറിയൊരു സ്ഥലമാണെങ്കിലും ഐടിയിൽ ഇന്ത്യയിലെ നമ്പർ വൺ ഡെസ്റ്റിനേഷനുകളിലൊന്നാണ് പൂണെ. വിമാന കണക്റ്റിവിറ്റിയൊക്കെ വളരെ കുറവാണെങ്കിലും മുന്നിലെത്താൻ അവർക്ക് തുണയായത് മികച്ച ഐടി ഇക്കോസിസ്റ്റം വളർത്തിയെടുക്കാനായതാണ്. ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നും വിദേശങ്ങളിൽ നിന്നുമൊക്കെയുള്ളവർ അവിടുത്തെ വമ്പൻ ഐടി കമ്പനികളിൽ പണിയെടുക്കുന്നു. നമുക്കിവിടെ നെടുമ്പാശേരിയിലും, തിരുവനന്തപുരത്തുമൊക്കെ മികച്ച വിമാനത്താവളങ്ങളുണ്ട്. എന്നിട്ടും ഐടിക്ക് ഈ സാധ്യത കാര്യമായി ഉയോഗപ്പെടുത്താനായിട്ടില്ല. 

ഐടി രംഗത്തുള്ളവർ നല്ല സ്പെൻഡിങ് ശേഷി ഉള്ളവരാണ്. അവർക്ക്  ഒഴിവ് സമയങ്ങൾ ചെലവഴിക്കാനാവശ്യമായ സൗകര്യങ്ങളുണ്ടാകണം. വിവിധ ഇടങ്ങളിലെ ഭക്ഷണമുൾപ്പടെ ആസ്വദിക്കാനാകണം, മികച്ച ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയവയൊക്കെ ഉണ്ടാകണം. ഇൻഫോ പാർക്കിലിപ്പോൾ അന്യസംസ്ഥാനത്തു നിന്നെത്തുന്ന ജീവനക്കാർ ചെറിയൊരു ശതമാനമേയുള്ളു, രാജ്യാന്തര നിലവാരത്തിലുള്ള കെട്ടിടങ്ങളും ആവശ്യമാണ്. മൈക്രോസോഫ്റ്റ്, ഗൂഗിൾ പോലെയുള്ളവർക്ക് രാജ്യാന്തര ഗുണനിലവാര മാനദണ്ഡങ്ങളുള്ള കെട്ടിടങ്ങൾ വേണം. ഇങ്ങനെ അവർക്കാവശ്യമുള്ള സൗകര്യങ്ങളും സാമൂഹ്യാന്തരീക്ഷവും ഒരുക്കിയാൽ കൂടുതൽ കമ്പനികളും ആൾക്കാരും ഇങ്ങോട്ടുവരും.

infopark

∙ഇതിനായി എങ്ങനെ തയാറെടുക്കണം? 

പക്ഷേ ഇപ്പോൾ ഗൂഗിളോ അതുപോലുള്ള കമ്പനികളോ ഇവിടെ വന്നു നോക്കുമ്പോൾ മികച്ച നിലവാരമുള്ള ഓഫീസ് സംവിധാനങ്ങളില്ല. ഇൻഫോ പാർക്കിൽ ഇനി വികസിക്കാൻ സ്ഥലമോ കെട്ടിടമോ ഇല്ലാത്ത അവസ്ഥയാണുള്ളത്. ഈ പോരായ്മ പരിഹരിക്കാനാണ് കൊച്ചി മെട്രോയുമായി ചേർന്ന് സ്റ്റേഷനിൽ രാജ്യാന്തര നിലവാരമുള്ള വർക്ക് സ്പേസ് ഒരുക്കുന്നത്. ഈ വർഷം പകുതിയോടെ പൂർത്തിയാകുമെങ്കിലും അതും ആവശ്യത്തിനു മതിയാകില്ല. പാർക്കിന്റെ പുതിയ കെട്ടിടം പണി തീർന്ന് ക്യൂവിൽ നിൽക്കുന്ന അപേക്ഷകർക്ക് തുറന്നു കൊടുക്കാൻ രണ്ടര വർഷമെങ്കിലും കാത്തിരിക്കണം. നിലവിലിപ്പോൾ എല്ലാ കെട്ടിടങ്ങളിലുമായി 92 ലക്ഷം ചതുരശ്രയടി സ്ഥലമുള്ള പാർക്കിൽ 580 കമ്പനികളിലായി 70,000 പേർ ജോലി ചെയ്യുന്നു. വിപ്രോ, ടിസിഎസ്, കോഗ്നിസന്റ്, ഏണസ്റ്റ് ആൻഡ് യങ്, ഐബിഎം, യുഎസ്ടി ഗ്ലോബൽ,  ഐബിഎസ് തുടങ്ങിയ കമ്പനികളാണുള്ളത്. 2022–23 സാമ്പത്തിക വർഷം 9186 കോടിയുടെ ഐടി കയറ്റുമതി നേടി.

എല്ലാ ടവറുകളും നിലകളും ഇപ്പോൾ ഫുള്ളാണ്. ഐബിഎം ഏകദേശം 1000 പേരുമായി ഇവിടെയുണ്ട്. ജിയോജിത് അവരുടെ ആവശ്യത്തിനായി പുതിയ കെട്ടിടം നിർമിക്കുന്നതും യുഎസ്ടി ഗ്ലോബൽ അവരുടെ ക്യാംപസിനായി 9 ഏക്കർ ഏറ്റെടുത്തതുമാണ് പുതിയ നിക്ഷേപങ്ങൾ. ലുലുവിന്റെ ടവറിൽ ബാക്കിയുള്ള സ്ഥലം മുഴുവനായി ഏറ്റെടുക്കാൻ ഒരു വൻ കമ്പനിയുമായി ചർച്ച നടക്കുന്നുണ്ട്. ഐടി മേഖലയിലുള്ളവർക്ക് കൊച്ചിയിലേക്ക് വരാനുള്ള താൽപ്പര്യമുണ്ട്. നമുക്കത് മുതലെടുക്കാനാകണം. 2030 ലേക്കാവശ്യമായ കൃത്യമായ പദ്ധതി ഒരുക്കി അത് നടപ്പാക്കുകയാണ് വേണ്ടത്. ഐടിയിലിപ്പോൾ എഐയുടെ വരവോടെ ചടുലമായ മാറ്റങ്ങളാണ് നടക്കുന്നത്. ചില ജോലികൾ കാലഹരണപ്പെടും, പകരം പുതിയ ജോലികൾ വരും. പണ്ട് കംപ്യൂട്ടർ പ്രോഗ്രാമിങ് ആയിരുന്നുവെങ്കിൽ ഇപ്പോൾ എഐയെ നയിക്കാൻ ഇംഗ്ലീഷ് അറിയണം. അതുകൂടി കണക്കിലെടുത്തുള്ള തയാറെടുപ്പുകളാണ് വേണ്ടത്. നമ്മുടെ ചെറുപ്പക്കാരോട് 2030 ൽ കൊച്ചി എന്തായിരിക്കുമെന്ന് കൃത്യമായി വരച്ചുകാട്ടാനാകണം. ഇതിന് വേണ്ടത് സർക്കാർ തലത്തിൽ സമഗ്രമായ തീരുമാനങ്ങളാണ്.

English Summary:

Latest Developments in Kochi Infopark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com