ആപ്പിളിന് 200 കോടി ഡോളർ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ
Mail This Article
ബ്രസൽസ് (ബെൽജിയം)∙ ആപ് സ്റ്റോറിൽ വിപണി മര്യാദ ലംഘിച്ചതിന്റെ പേരിൽ ആപ്പിളിന് 200 കോടി ഡോളറിനടുത്ത് പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. മ്യൂസിക് സ്ട്രീമിങ് ആപ് സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട് സ്വീഡിഷ് കമ്പനിയായ സ്പോട്ടിഫൈ 5 വർഷം മുൻപ് നൽകിയ പരാതിയിലാണ് നടപടി. ആദ്യമായാണ് യൂറോപ്യൻ യൂണിയനിൽ ആപ്പിളിനെതിരെ നടപടി വരുന്നത്. ആപ് സ്റ്റോറിനു പുറത്തുള്ള നിരക്കുകുറഞ്ഞ പേയ്മെന്റ് ഓപ്ഷനുകളെക്കുറിച്ച് ഐഒഎസ് ഉപയോക്താക്കൾക്ക് വിവരം നൽകുന്നതിൽനിന്നു ആപ്പ് ഡവലപ്പർമാരെ ആപ്പിൾ വിലക്കിയെന്നാണ് ആരോപണം. ഇതുമൂലം ആപ്പിൾ ഉപയോക്താക്കളെ സബ്സ്ക്രിപ്ഷൻ ഓഫറുകൾ അറിയിക്കാൻ സാധിച്ചില്ലെന്നും സ്പോട്ടിഫൈ ചൂണ്ടിക്കാട്ടി. ആപ്പിളിന്റെ സ്വന്തം പേയ്മെന്റ് സംവിധാനം വഴി വരിസംഖ്യ നൽകാൻ മാത്രമേ അനുവാദമുള്ളു. ഇതിന് 30 ശതമാനം കമ്മിഷൻ ഡവലപ്പർമാർ നൽകേണ്ടതിനെതിരെയും പരാതി ഉയർന്നിരുന്നു. ഈ തുകയുടെ ബാധ്യത ഉപയോക്താക്കളിലേക്കാണ് നൽകുന്നത്. പിഴ ചുമത്തിയതിനെതിരെ അപ്പീൽ പോകുമെന്ന് ആപ്പിൾ അറിയിച്ചു.
ഓൺലൈൻ ക്ലാസിഫൈഡ് പരസ്യവിപണിയിലെ മര്യാദ ലംഘനത്തിന്റെ പേരിൽ ഗൂഗിളിനും മെറ്റയ്ക്കും എതിരെ ഈയടുത്ത് യൂറോപ്യൻ യൂണിയൻ നടപടി എടുത്തിരുന്നു. ഡിജിറ്റൽ വിപണി മേധാവിത്വത്തിൽനിന്നു ടെക് കമ്പനികളെ തടയുന്ന നിയമം യൂറോപ്യൻ യൂണിയനിൽ പ്രാബല്യത്തിൽ വരുന്ന ആഴ്ച തന്നെയാണ് ആപ്പിളിനു പിഴ ചുമത്തിയിരിക്കുന്നതും. ചട്ടങ്ങൾ പാലിക്കാൻ കമ്പനികൾക്കു നൽകിയിരിക്കുന്ന സമയപരിധി നാളെ അവസാനിക്കും.