ADVERTISEMENT

ന്യൂഡൽഹി∙ നിയമലംഘനത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങൾ, ബാങ്കുകൾ തുടങ്ങിയവ ബ്ലോക് ചെയ്യുന്ന മൊബൈൽ നമ്പറുകൾ വിഛേദിക്കാനായി കേന്ദ്ര ടെലികോം വകുപ്പിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം (ഡിഐപി) ആരംഭിച്ചു. 

നിലവിൽ വിവിധ പ്ലാറ്റ്ഫോമുകൾ സൈബർ നിയമലംഘനത്തിന്റെ പേരിൽ ചില നമ്പറുകൾ അവരുടെ പ്ലാറ്റ്ഫോമുകളിൽ ബ്ലോക് ചെയ്യാറുണ്ട്. എന്നാൽ ഇതേ നമ്പർ ഉപയോഗിച്ച് തട്ടിപ്പുകാർ മറ്റ് പ്ലാറ്റ്ഫോമുകളിൽ വെട്ടിപ്പ് തുടരുകയാണ് പതിവ്. ഇത് തടയാനായി ഇത്തരം പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഡിഐപി ആരംഭിച്ചിരിക്കുന്നത്. 

ഉദാഹരണത്തിന് നിയമലംഘനത്തിന്റെ പേരിൽ വാട്സാപ് ബ്ലോക് ചെയ്യുന്ന നമ്പറുകൾ കമ്പനിയുടെ പ്രതിനിധി ഡിഐപിയിൽ പ്രസിദ്ധീകരിക്കും. തുടർന്ന് ടെലികോം കമ്പനികൾ ഈ കണക‍്ഷനുകളുടെ റീ–വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കണം. റീ–വെരിഫിക്കേഷനിൽ വീഴ്ച കണ്ടാൽ ഈ നമ്പർ പൂർണമായും വിഛേദിക്കും. 

തുടർന്ന് ഇവ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവില്ല. തട്ടിപ്പിൽ ഉൾപ്പെട്ട നമ്പറുകൾ തങ്ങളുടെ ഉപയോക്താക്കളുടെ പട്ടികയിലുണ്ടോയെന്ന് ബാങ്കുകൾക്കും മറ്റും പരിശോധിക്കാം. സമൂഹമാധ്യമങ്ങൾ, വോലറ്റ് കമ്പനികൾ, പൊലീസ്, ഐആർസിടിസി അടക്കമുള്ള ഏജൻസികൾക്ക് തട്ടിപ്പുകൾ ഉൾപ്പെട്ട നമ്പറുകൾ ഡിഐപിയിൽ അറിയിക്കാം.

ഫോണിലും വാട്സാപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും പൊതുജനങ്ങൾക്ക് കേന്ദ്രത്തെ അറിയിക്കാനുള്ള 'ചക്ഷു' എന്ന പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നിർവഹിച്ചു. ലിങ്ക്: sancharsaathi.gov.in/sfc

സഞ്ചാർ സാഥി ഒന്നരലക്ഷം ഫോണുകൾ ബ്ലോക്ക് ചെയ്തു

മോഷണം, സൈബർ തട്ടിപ്പ് തുടങ്ങിയവയിൽ ഉൾപ്പെട്ട 1.5 ലക്ഷം മൊബൈൽ ഹാൻഡ്സെറ്റുകൾ ബ്ലോക് ചെയ്തതായി അശ്വിനി വൈഷ്ണവ് പറഞ്ഞു. മൊബൈൽ ഹാൻഡ്സെറ്റുകളുടെ ഐഎംഇഐ നമ്പർ ബ്ലോക് ചെയ്യാനുള്ള സൗകര്യം സഞ്ചാർസാഥി  പോർട്ടലിലുണ്ട് (sancharsaathi.gov.in). ഐഎംഇഐ നമ്പർ ബ്ലോക് ചെയ്താൽ ഈ ഫോണ്‍ മറ്റ് സിം ഉപയോഗിച്ചും ഉപയോഗിക്കാനാവില്ല.

59 ലക്ഷം തട്ടിപ്പ് സിം കാർഡുകൾ ബ്ലോക് ചെയ്തു. അനുവദനീയമായതിലും കൂടുതൽ സിം സൂക്ഷിച്ചതിന്റെ പേരിലാണ് ഇതിൽ 17 ലക്ഷം സിം റദ്ദാക്കിയത്. നിയമപാലന ഏജൻസികളുടെ ആവശ്യപ്രകാരം 4 ലക്ഷം റദ്ദാക്കി. 23 ലക്ഷം സിം കാർഡുകൾ ഉപയോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്.

English Summary:

To disconnect Scammer numbers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com