ADVERTISEMENT

‘സിംഗിൾ ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയാണോ നിങ്ങൾ? എങ്കിൽ ഈ വനിതാ ദിനം മുതൽ അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കാം. അഭിമാനത്തോടെ തല ഉയർത്തി ജീവിക്കാം.’

തലവാചകം കണ്ട് പലരും നെറ്റിചുളിച്ചേക്കാം. പക്ഷേ നമുക്കിടയില്‍ സിംഗിൾ വുമണായിരിക്കാനും സിംഗിൾ മദറായിരിക്കാനും ആഗ്രഹിക്കുന്നവർ അനുദിനം വര്‍ധിക്കുകയാണ്. പക്ഷേ ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നവരുടെ എണ്ണം അധികം വര്‍ധിക്കുന്നില്ല. തനിച്ചായിരിക്കുമ്പോഴുള്ള സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളിയാണ് ഇത്തരക്കാരില്‍ ഒരു വിഭാഗത്തെയെങ്കിലും പിന്നോട്ട് വലിക്കുന്നത്. കാരണം സ്ത്രീകള്‍ അവരുടെ വരുമാനം സ്വയം കൈകാര്യം ചെയ്യുന്നത് വിരളമാണ്. ചെറുപ്പത്തില്‍ അത് അച്ഛനോ സഹോദരനോ വിവാഹശേഷം അത് ഭര്‍ത്താവോ മക്കളോ ആണ് കൈകാര്യം ചെയ്ത് ശീലം.

woman-entre3

എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍, തല ഉയര്‍ത്തി നില്‍ക്കാന്‍ തനിച്ചു ജീവിക്കുന്ന ഏത് വനിതയ്ക്കും കഴിയും. അതിനുള്ള ചില വഴികളാണ് ഈ വനിതാ ദിനത്തില്‍ പറയുന്നത്.

ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എടുക്കുമ്പോള്‍ സമൂഹത്തിലെ വിവിധ തുറകളില്‍ പെട്ട സ്ത്രീകള്‍ എന്നോട് പതിവായി ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. ‘‘സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്ത്രീകള്‍ പരിശ്രമിക്കുമ്പോള്‍ ഉറ്റവരും ഉടയവരും അതിനെ എന്തിനാണ് ഇത്രമാത്രം എതിര്‍ക്കുന്നത്? പണം കൈകാര്യം ചെയ്യുന്നതിൽ സ്ത്രീകള്‍ക്ക് സഹജമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? ഫിനാന്‍ഷ്യല്‍ ഫ്രീഡം എന്നത് പുരുഷന്മാര്‍ക്ക് മാത്രമുള്ളതാണോ?’’

woman-entre-1

തനിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നത് ധീരമാണ്. ഇപ്പോള്‍ സിംഗിളായിരിക്കാന്‍ ആഗ്രഹിക്കുന്നു എന്നേ അതിന് അർഥമുള്ളൂ. നാളത്തെ കാര്യം എന്തായിരിക്കും എന്ന് ആര്‍ക്കാണ് അറിയുന്നത്. സിംഗിളാകാന്‍ തീരുമാനിച്ചാല്‍ ഉറപ്പായും അതിലെ സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തണം.

സിംഗിളാകുന്നതിന്റെ കാരണങ്ങള്‍
 

സ്ത്രീകള്‍ തനിച്ചായിരിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങള്‍ പലതായിരിക്കാം. കുടുംബ പ്രശ്നങ്ങൾ കാരണം വീട് വിട്ടുപോകുന്നവര്‍. ടോക്‌സിക്കായ പങ്കാളിയില്‍നിന്നു മോചനം ആഗ്രഹിച്ച് ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചവര്‍. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് മറ്റൊരാളെ ആ സ്ഥാനത്ത് വീണ്ടും കൊണ്ടുവരാന്‍ ആഗ്രഹിക്കാത്തവര്‍. സ്‌നേഹമോ പരിഗണനയോ സംരക്ഷണമോ നല്‍കാത്ത ഭര്‍ത്താക്കന്മാരില്‍നിന്ന് അകന്ന് കുട്ടികളെ മാത്രം ഓര്‍ത്ത് ഡിവോഴ്‌സിന് തയാറാകാതെ ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചവര്‍. സ്വന്തം സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ ആരും തടസം സൃഷ്ടിക്കാതിരിക്കാന്‍ സിംഗിളാകുന്നവര്‍..

നിശ്ചയദാര്‍ഢ്യത്തോടെ ഇത്തരത്തില്‍ തീരുമാനമെടുക്കുന്നവരുടെ മുന്നില്‍ ഉറ്റവരും ഉടയവരും ബന്ധുക്കളും ഉയര്‍ത്തുന്ന ഏറ്റവും വലിയ പരിഹാസം ഇതാണ്- ‘എത്രനാള്‍ ഒറ്റയ്ക്ക് ജീവിക്കും? ഒടുവില്‍ വീടിന്റെ പടിയില്‍, ഈ എന്റെ മുന്നില്‍, ഞങ്ങളുടെ അടുത്ത് കയ്യും നീട്ടിവരും. അല്ലെങ്കില്‍ നീ നോക്കിക്കോ.’

ജോലിയും വരുമാനവും ഇല്ലാത്ത ഒരു അവസ്ഥയിലേക്കും അതിലെ അപകടത്തിലേക്കുമാണ് അവര്‍ വിരല്‍ ചൂണ്ടുന്നത്.

എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഏതൊരു സ്ത്രീക്കും ഇതിലും വലിയ പ്രതിസന്ധിയെയും മറികടക്കാവുന്നതേയുള്ളൂ.

സ്വന്തം സ്വപ്‌നങ്ങളുടെ പുറകേ പോകാന്‍, ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ സ്ത്രീകള്‍ക്കു മുന്നില്‍ ഇതൊന്നും ഒരു തടസമേയല്ല. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

സ്ഥിര വരുമാനം ഉണ്ടാകണം

ഇന്നത്തെ സമൂഹത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സ്ഥിരമായി വരുമാനമുള്ള ഒരു തൊഴിലോ ബിസിനസോ ഉണ്ടാകണം.  

woman-entre4

ഇതിന് സുരക്ഷിതമായ ജോലിയോ ബിസിനസോ ഉണ്ടാകണം എന്നില്ല. മള്‍ട്ടിപ്പിള്‍ സ്‌കില്‍ ആര്‍ജിക്കുക എന്നതാണ് അതിനുള്ള വഴി. പഠിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ പാര്‍ട്ട് ടൈം ആയി ഒരു തൊഴിലധിഷ്ഠിത കോഴ്‌സില്‍ ചേരാം. ഇപ്പോള്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് എങ്കില്‍ അതിനിടയില്‍ വ്യത്യസ്തമായ മറ്റൊരു സ്‌കില്‍ പരിശീലിക്കാം. ഒരിടത്ത് പരാജയപ്പെട്ടാല്‍ മറ്റ് നൂറുവഴി മുന്നില്‍ തുറക്കും. പക്ഷേ അതിനുള്ള സ്‌കില്‍ നമുക്ക് ഉണ്ടായിരിക്കണം എന്നുമാത്രം.

ഇപ്പോള്‍ വിജയകരമായി ഒരു ലഘുബിസിനസ് നടത്തിക്കൊണ്ടുപോകുകയാണ് എങ്കില്‍ വൈവിധ്യവല്‍ക്കരണത്തിന് അവസരമുണ്ടാകുമ്പോള്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ബിസിനസു കൂടി പരീക്ഷിക്കുക. ഇപ്പോഴത്തെ ജോലിയെയോ ബിസിനസിനെയോ മാത്രം ആശ്രയിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ട എന്നുചുരുക്കം. ഇപ്പോഴത്തെ ജോലി നഷ്ടപ്പെട്ടാലോ ബിസിനസ് പൂട്ടിപ്പോയാലോ അടുത്ത വഴി തുറക്കും.

പരാജയ ഭീതി ഇല്ലാതെ സിംഗിള്‍ വുമണാകാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ ഇത് കരുത്ത് നല്‍കും.

സമ്പാദ്യം കൂട്ടിക്കൊണ്ടുവരണം
 

ഭാവിയിലെ ജീവിത ലക്ഷ്യങ്ങള്‍ക്ക് പണം വേണം എന്നുകരുതി പിശുക്കി ജീവിക്കേണ്ടതില്ല. അന്തസ്സായി ജീവിച്ചുകൊണ്ടുതന്നെ പണം മിച്ചം പിടിക്കുക. വരുമാനത്തിന്റെ 30 ശതമാനം എങ്കിലും മാസം മിച്ചം പിടിക്കാന്‍ ശ്രദ്ധിക്കണം.

എപ്പോള്‍ ശമ്പള വര്‍ധന ഉണ്ടായാലും അതിന് ആനുപാതികമായി സമ്പാദ്യത്തിലും വര്‍ധന വരുത്തുക.

എമര്‍ജന്‍സി ഫണ്ട്
 

ഇപ്പോഴത്തെ ജോലി നഷ്ടപ്പെട്ടാല്‍ പുതിയതു കണ്ടുപിടിക്കുന്നതുവരെ ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കേണ്ടതല്ലേ. അതിനായി വരുമാനം ഉണ്ടായിത്തുടങ്ങുമ്പോഴേ ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കണം. പ്രതിമാസ ജീവിതച്ചെലവ് എത്രയാണോ അതിന്റെ മൂന്നു മുതല്‍ ആറ് വരെ ഇരട്ടി ഇങ്ങനെ എമര്‍ജന്‍സി ഫണ്ടായി മാറ്റിവയ്ക്കണം.

ഇന്‍ഷുറന്‍സ് സംരക്ഷണം തേടണം
 

സിംഗിള്‍ മദര്‍ ആണെങ്കില്‍ നിങ്ങള്‍ ഉള്ളിടത്തോളം കാലം കുട്ടികളുടെ കാര്യങ്ങള്‍ പൊന്നുപോലെ നോക്കും. പക്ഷേ നിങ്ങളില്ലാതായാലോ? ആ നഷ്ടം നികത്താന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ നിങ്ങളുണ്ടായിരുന്നപ്പോഴുള്ളതു പോലെ ജീവിക്കാനുള്ള സമ്പത്ത് എങ്കിലും അവര്‍ക്ക് അവശേഷിപ്പിക്കാന്‍ കഴിയുമല്ലോ. അതിനായി വലിയ സ്വത്ത് ഉണ്ടാക്കിവയ്ക്കണം എന്നില്ല. പകരം ഇന്‍ഷുറന്‍സ് സംരക്ഷണം തേടിയാല്‍ മതി. വലിയ തുകയ്ക്കുള്ള ടേം ഇന്‍ഷുറന്‍സ് പോളിസി ചെറിയ മാസ, വാര്‍ഷിക പ്രീമിയം അടയ്ക്കാവുന്ന വിധത്തില്‍ ലഭിക്കും.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടാകണം
 

ആശുപത്രിച്ചെലവാണ് മറ്റൊരു വലിയ പ്രതിസന്ധി. ഇതിനായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ്/ മെഡിക്ലെയിം പോളിസി എടുക്കണം. ആശുപത്രിച്ചെലവ് ഉണ്ടാകുന്ന പക്ഷം ഇന്‍ഷുറന്‍സ് പോളിസിയില്‍നിന്ന് ചെലവിനുള്ള പണം കണ്ടെത്താം.  

ഡ്രൈവിങ് പഠിക്കണം, വാഹനം വേണം
 

സ്വന്തമായി വാഹനം സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണ്. സ്‌കൂട്ടറോ കാറോ തന്നെ വേണം എന്നില്ല. ഒരു സൈക്കിളായാലും മതി. സ്വന്തമായി വരുമാനം ഉള്ളത് സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുമെങ്കില്‍ വാഹനം ഉള്ളത് സമയ സ്വാതന്ത്ര്യം നല്‍കും.

woman-finance1

സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കണം
 

സ്വന്തമായി വീട്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവ ജീവിതത്തില്‍ അനിവാര്യമണ്. എല്ലാത്തിനുമുള്ള പണം ഒറ്റയ്ക്ക് കണ്ടെത്തണം. അതിന് ഒറ്റയ്ക്ക് ജീവിച്ചുതുടങ്ങുമ്പോഴേ ലക്ഷ്യങ്ങള്‍ നിശ്ചയിക്കണം. അത് നിറവേറ്റാന്‍ എത്ര വര്‍ഷം മുന്നിലുണ്ടെന്ന് കണക്കാക്കുക. അതിനായി മാസം തോറും നിശ്ചിത തുക മാറ്റിവയ്ക്കുക. അത് വ്യത്യസ്തമായ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുക. ചിട്ടി, ബാങ്ക്, സ്വര്‍ണം, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ മാര്‍ഗങ്ങളെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ഏതെങ്കിലും ഒരു മാര്‍ഗത്തില്‍ മാത്രമായി നിക്ഷേപിക്കാതെ എല്ലാത്തിലുമായി കുറേശെ നിക്ഷേപം നടത്തുക.

പെന്‍ഷന്‍ വരുമാനം കണ്ടെത്തണം
 

സിംഗിള്‍ ആയിരിക്കുന്നതിലെ ഏറ്റവും വലിയ വെല്ലവിളി വാര്‍ധക്യത്തിലായിരിക്കും എന്നാണ് പൊതുവെയുള്ള വിശ്വാസം. കുട്ടികള്‍ വാര്‍ധക്യത്തില്‍ സംരക്ഷിക്കും എന്നതിന് ഉറപ്പൊന്നുമില്ല. അതിന് അവരെ ആശ്രയിക്കുന്നതും ശരിയല്ല. അതിനാല്‍ വാര്‍ധക്യത്തില്‍ പ്രതിമാസ ചെലവിന് ഉപകരിക്കുന്ന വിധത്തില്‍ പെന്‍ഷന്‍ പോലൊരു തുക കിട്ടുന്നതിന് ഒരു ഫണ്ട് ഉണ്ടാക്കണം. നിരവധി ഇന്‍ഷുറന്‍സ് സ്കീമുകളും ന്യൂ പെന്‍ഷന്‍ സ്‌കീമും വിപണിയില്‍ ലഭ്യമാണ്. അനുയോജ്യമായവ തിരഞ്ഞെടുക്കാം.

(പഴ്‌സനല്‍ ഫിനാന്‍സ് അനലിസ്റ്റും ഒന്‍ട്രപ്രനര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. സംശയങ്ങള്‍ ഇ മെയിൽ ചെയ്യാം. jayakumarkk8@gmail.com)

English Summary:

Woman Financial Planning in This Women's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com