യെസ് ബാങ്ക് പുതിയ പ്രൊമോട്ടറെ തേടുന്നു, 51 ശതമാനം ഓഹരികൾ കൈമാറും
Mail This Article
പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ യെസ് ബാങ്ക് പുതിയ പ്രമോട്ടറെ തേടുന്നു. യെസ് ബാങ്ക് ലിമിറ്റഡിന്റെ 51 ശതമാനം വരെ ഓഹരികൾ വിൽക്കാനാണ് പദ്ധതിയിടുന്നത്. സിറ്റി ഗ്രൂപ്പിന്റെ ഇന്ത്യ യൂണിറ്റിനെ ഇതിനായി സമീപിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കാൻ നിലവിലെ ഷെയർഹോൾഡർമാർ ഉൾപ്പെടെ വിവിധ ഇന്ത്യൻ വായ്പാ ദാതാക്കൾക്ക് യെസ് ബാങ്ക് ക്ഷണം അയച്ചിട്ടുണ്ട്. പക്ഷേ ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ജപ്പാൻ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും യെസ് ബാങ്കിന്റെ 51 ശതമാനം ഓഹരിയെങ്കിലും വിൽക്കാനുള്ള ചർച്ചകൾ ബാങ്ക് ആരംഭിച്ചിട്ടുണ്ട്. 26 ശതമാനത്തിൽ കൂടുതൽ ഓഹരി കൈവശമുള്ള ഏതൊരു പുതിയ പ്രൊമോട്ടർക്കും സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ അനുസരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രത്യേക അനുമതി ആവശ്യമാണ്.
2020ൽ യെസ് ബാങ്കിനെ രക്ഷിക്കാൻ ഇടപെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി), എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് തുടങ്ങിയ പ്രമുഖ ഓഹരി ഉടമകൾക്ക് (ഇപ്പോൾ യെസ് ബാങ്കിന്റെ ഓഹരികൾ 51 ശതമാനം മറ്റാർക്കെങ്കിലും കൈമാറിയാൽ) നിലവിലുള്ള ഓഹരി പങ്കാളിത്തം കുറക്കാനും സാധിക്കും.