ADVERTISEMENT

സ്വപ്നങ്ങളിലെ പട്ട്’ ലോകത്തിനു പരിചയപ്പെടുത്തിയ പ്രമുഖ വസ്ത്ര റീട്ടെയിൽ ശൃംഖലയായ കല്യാൺ സിൽക്സ് വൻ വിപുലീകരണത്തിനൊരുങ്ങുന്നു. കല്യാൺ സിൽക്സിന്റെ പുതിയ കോഴിക്കോട്, കൊല്ലം ഷോറൂമുകൾ അടുത്തയാഴ്ച തുറക്കും. ഇന്ത്യയ്ക്കകത്തും പുറത്തുമായി രാജ്യാന്തര നിലവാരത്തിലുള്ള 35 ഷോറൂമുകളുമായി ലോകോത്തര ഫാഷനും പുതിയ വസ്ത്ര സംസ്കാരവും വളർത്തിയെടുക്കാനാണു ലക്ഷ്യമിടുന്നതെന്നു കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ ‘മനോരമ’യോടു പറഞ്ഞു.

തിരുവനന്തപുരത്തും പാലക്കാടും രണ്ടാം ഷോറൂമുകളും ആലപ്പുഴയിലെ ആദ്യ ഷോറൂമും വൈകാതെ തുറക്കും. തുടർന്നു തമിഴ്നാട്ടിലേക്കും ശൃംഖല വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം കല്യാൺ ഹൈപ്പർ മാർക്കറ്റ്, പുതുതലമുറ ഫാഷൻ ബ്രാൻഡായ ഫാസിയോ എന്നിവയും കൂടുതൽ സ്ഥലങ്ങളിൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 നിക്ഷേപം 250 കോടി രൂപ

കോഴിക്കോട്, കൊല്ലം ഷോറൂമുകൾക്കായി 250 കോടി രൂപയാണു കല്യാൺ സിൽക്സ് മുതൽ മുടക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ‘ഫാഷൻ ഹബ്’ സമുച്ചയമാണു കോഴിക്കോട് മാവൂർ റോഡിലെ തൊണ്ടയാട് ജംക്‌ഷനിൽ ഒരുങ്ങുന്നത്. വെജിറ്റേറിയൻ റസ്റ്ററന്റ്, ജ്വല്ലറി, പെർഫ്യൂം സ്റ്റോർ, കിഡ്സ് പ്ലേ ഏരിയ, ടോയ് സ്റ്റോർ, കോസ്മെറ്റിക്സ് കോർണർ, മിനി ഗൃഹോപകരണ സ്റ്റോർ, ഫുട്‌വെയർ, ലഗേജ്–ഹാൻഡ് ബാഗ് ശേഖരം എന്നിവയും കോഴിക്കോടു ഷോറൂമിലുണ്ടാകും. കൂടാതെ ഇഷ്ടാനുസരണം വസ്ത്രം രൂപകൽപന ചെയ്യാൻ സഹായിക്കുന്ന ബി–സ്പോക് കല്യാൺ ഡിസൈനർ സ്റ്റുഡിയോയും റെയ്മണ്ട് എത്‌നിക്സ് വിഭാഗവുമുണ്ട്.

ബീഡ്സ് വർക്ക്, ഹാൻഡ് എംബ്രോയ്ഡറി, ലെയ്സ് വർക്സ് തുടങ്ങിയ വസ്ത്രനിർമാണ വിദഗ്ധർക്കൊപ്പം ഫാഷൻ ഡിസൈനർ പ്രഫഷനൽസും വസ്ത്രങ്ങൾ ‘കസ്റ്റമൈസ്’ ചെയ്യാൻ സഹായിക്കും. രണ്ടര ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള സമുച്ചയത്തിൽ 50,000 ചതുരശ്രയടി വിസ്തീർണത്തിൽ കല്യാൺ ഹൈപ്പർ മാർക്കറ്റുമുണ്ട്. കല്യാൺ സിൽക്സ് ബ്രാൻഡ് അംബാസഡർ കൂടിയായ നടൻ പൃഥ്വിരാജ് സുകുമാരൻ 20ന് രാവിലെ 10.30ന് ഷോറൂം ഉദ്ഘാടനം ചെയ്യും. ഏകദേശം 1.25 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണു കൊല്ലം ചിന്നക്കടയിലെ ഷോറൂം ഒരുങ്ങുന്നത്. ഈ സമുച്ചയത്തിൽ 25,000 ചതുരശ്രയടി വിസ്തൃതിയിൽ ഹൈപ്പർ മാർക്കറ്റുണ്ട്. കൊല്ലം ഷോറൂമിന്റെ ഉദ്ഘാടനം 25ന് പൃഥ്വിരാജ് നിർവഹിക്കും. ഇരു ഷോറൂമുകളിലുമായി ആയിരത്തഞ്ഞൂറോളം പേർക്കാണു തൊഴിൽ ലഭിച്ചത്.

 4 ഹൈപ്പർ മാർക്കറ്റുകൾ ഉടൻ

അടുക്കള സാമഗ്രികൾ, പലവ്യഞ്ജനങ്ങൾ, പഴം–പച്ചക്കറി, ചെറിയ ഗൃഹോപകരണങ്ങൾ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വലിയ ശേഖരമാണു കല്യാൺ ഹൈപ്പർ മാർക്കറ്റുകളിലുള്ളത്. ഉയർന്ന ഗുണനിലവാരത്തിലുള്ള മികച്ച ഉൽപന്നങ്ങൾ വൻ ഓഫറിൽ ലഭ്യമാക്കുകയാണ് ഇവയുടെ ലക്ഷ്യമെന്നു ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. നിലവിൽ 5 ഹൈപ്പർമാർക്കറ്റുകളും 3 എക്സ്പ്രസ് മാർട്ടുകളുമാണുള്ളത്. മിക്കവയും കല്യാൺ സിൽക്സ് കെട്ടിടങ്ങളിലാണ്. ഉടൻ തന്നെ 4 മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

5 ഫാസിയോ ഷോറൂമുകൾ

999 രൂപ വരെ വിലയുള്ള വസ്ത്രങ്ങളും ഫാഷൻ ഉൽപന്നങ്ങളുമാണു കല്യാണിന്റെ ‘ഫാസിയോ’ റീട്ടെയിൽ ബ്രാൻഡിലുള്ളത്. യുവ സമൂഹത്തിനായി ‘അഫോർഡബിൾ ഫാഷൻ, ഫാസ്റ്റ് ഫാഷൻ’ എന്ന ലക്ഷ്യവുമായി ആരംഭിച്ച ഫാസിയോ ഷോറൂമുകളും അതിവേഗം വിപുലീകരിക്കുമെന്നു പട്ടാഭിരാമൻ പറഞ്ഞു. നിലവിൽ തൃശൂർ, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായി 3 ഷോറൂമുകളുണ്ട്. 

‘വാല്യു ഫാഷൻ’ ട്രെൻഡ് സെറ്റർ വസ്ത്രങ്ങൾക്കു മുൻഗണന നൽകിയുള്ള ഫാസിയോ ഷോറൂമുകൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്നും 5 ഷോറൂമുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Kalyan Silks with new showrooms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com