പേയ്ടിഎം നിയന്ത്രണം ഇന്നു രാത്രി മുതൽ
Mail This Article
ന്യൂഡൽഹി∙ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിനാൾ നാളെ മുതൽ പേയ്ടിഎം വോലറ്റ്, ഫാസ്ടാഗ്, ബാങ്ക് അക്കൗണ്ട്, എൻസിഎംസി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കാൻ കഴിയില്ല. ഇന്ന് രാത്രി 12ന് മുൻപ് വരെ നിക്ഷേപിക്കുന്ന തുക തുടർന്നും ഉപയോഗിക്കാം. പേയ്ടിഎം യുപിഐ അടക്കമുള്ള സേവനങ്ങളെ ഈ നിയന്ത്രണങ്ങൾ ബാധിക്കില്ല.
∙ പേയ്ടിഎം ഫാസ്ടാഗ്: ഇന്നു കൂടി മാത്രം റീചാർജ് ചെയ്യാം. ഈ തുക പിന്നീടും ഉപയോഗിക്കാം. ബാലൻസ് തീരുമ്പോൾ പുതിയ ഫാസ്ടാഗ് എടുക്കണം.
∙ പേയ്ടിഎ വോലറ്റ്: നാളെ മുതൽ വോലറ്റിൽ പണം നിക്ഷേപിക്കാനാവില്ല. എന്നാൽ ഇന്ന് വരെയുള്ള തുക പിന്നീട് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. ആവശ്യമെങ്കിൽ അതിലെ പണം തിരികെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനും കഴിയും.
∙ പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട്: നാളെ മുതൽ പണം സ്വീകരിക്കാൻ ഈ അക്കൗണ്ട് ഉപയോഗിക്കരുത്. ഉദാഹരണത്തിന് ശമ്പളം സ്വീകരിക്കാൻ ഈ അക്കൗണ്ട് ആണ് കൊടുത്തിരിക്കുന്നതെങ്കിൽ ഉടൻ മാറ്റണം. എന്നാൽ അക്കൗണ്ടിലുള്ള പണം തുടർന്നും ഉപയോഗിക്കാം.
∙ പേയ്ടിഎം മണി: മ്യൂച്വൽ ഫണ്ട്, ഓഹരി തുടങ്ങിയവയ്ക്കുള്ള 'പേയ്ടിഎം മണി'യെ ബാധിക്കില്ല. ഇടപാടുകൾക്കായി പേയ്ടിഎം ബാങ്കിന്റെ അക്കൗണ്ടാണ് നൽകിയിരിക്കുന്നതെങ്കിൽ ഇന്നു തന്നെ മാറ്റണം.
∙ സൗണ്ട് ബോക്സ്/ക്യുആർ: കടകളിലെ പേയ്ടിഎം ക്യുആർ, യുപിഐ സൗണ്ട്ബോക്സ്, പിഒഎസ് മെഷീൻ എന്നിവ തുടർന്നും ഉപയോഗിക്കാം. ഇവയിലൂടെ വരുന്ന പണം സ്വീകരിക്കാൻ വ്യാപാരികൾ ഉപയോഗിക്കുന്നത് പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് ആണെങ്കിൽ ഇന്നുതന്നെ മറ്റൊരു ബാങ്കിലേക്ക് മാറ്റണമെന്നു മാത്രം.
@paytm ഐഡിക്ക് മാറ്റമില്ല
@paytm എന്നവസാനിക്കുന്ന യുപിഐ ഐഡികളിൽ മാറ്റമുണ്ടാകില്ല. പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് വഴി പ്രവർത്തിച്ചിരുന്ന ഈ ഐഡികൾ ഇനി യെസ് ബാങ്കിന്റെ സഹായത്തോടെയാകും പ്രവർത്തിക്കുക. ഇതിനു പുറമേ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്‍സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെയും പിന്തുണയുണ്ടാകും.