ADVERTISEMENT

മുംബൈയിലെ ശതകോടീശ്വരന്റെ 27 നിലയുള്ള കണ്ണാടി കൊട്ടാരത്തിൽ അന്നു രാത്രി വലിയ വിരുന്ന് നടക്കുകയാണ്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ വമ്പൻ അതിഥികളുടെ പെരളി. ഉച്ചയായപ്പോഴേക്ക് കണ്ടാൽ ഫാഷൻ മോഡലുകളെപ്പോലുള്ള കുറേ യുവതികൾ വൻകിട ബ്രാൻഡുകളുടെ വസ്ത്രങ്ങളടങ്ങിയ കവറുകളും തൂക്കിപ്പിടിച്ച് അകത്തേക്ക് കയറിപ്പോയി. മൊട്ടവെയിലത്ത് എന്താവാം അവരുടെ ആഗമനോദ്ദേശ്യം? 

വേറൊരു സീൻ ദുബായിലെ മുന്തിയ മാളാണ്. സാധാരണക്കാർക്ക് കേറാൻ പറ്റുന്നതല്ല. പ്രീമിയം സാധനങ്ങൾ മാത്രം. വസ്ത്രങ്ങളാണെങ്കിൽ പ്രാഡ,അർമാനി പോലുള്ള വിലയേറിയ ബ്രാൻഡുകൾ. മലയാളത്തിലെ സൂപ്പർതാരം അവിടെയുണ്ട്. കൂടെ രണ്ട് ശിങ്കിടികളും. അവർ പാന്റ്സും ഷർട്ടും മറ്റും എടുത്ത് സൂപ്പർ താരത്തിനു നൽകുന്നു. താരം ഡ്രസ്സിങ് റൂമിൽ കയറി അതൊക്കെ ഇട്ടു നോക്കുമ്പോൾ ശിങ്കിടികൾ കണ്ട് വേണ്ടെന്നോ വേണമെന്നോ തലകുലുക്കുന്നു.

രണ്ടു സ്ഥലത്തും നടന്നത് ഒരേ കാര്യമാണ്. പ്രഫഷനൽ സിലക്ടർമാർ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നു. ആർക്കു വേണ്ടിയാണോ വസ്ത്രങ്ങൾ എടുക്കേണ്ടത് അവരുടെ അളവുകളും നിറവും ഏതൊക്കെ വസ്ത്രം ചേരും ചേരില്ല എന്നതുമൊക്കെ അവർക്കറിയാം. അതനുസരിച്ചാണ് സിലക്‌ഷൻ. പാർട്ടിക്ക് ഇടേണ്ടത് ഒരു ജോഡി വസ്ത്രമാണെങ്കിലും എട്ടുപത്ത് ജോഡി വാങ്ങും. ഓരോന്നും ഇട്ടു നോക്കി ഇഷ്ടപ്പെട്ടത് ധരിക്കും. 

നമ്മുടെ സൂപ്പർതാരം വാങ്ങിയത് 12000 രൂപയിലേറെ വില വരുന്ന ഷർട്ടുകളും 20000 രൂപയിലേറെ വിലയുള്ള പാന്റ്സും ജീൻസും മറ്റുമായിരുന്നു. ഇത്തരം സെലിബ്രിറ്റികൾ തുണിക്കടകളിൽ അപൂർവമായേ പോകൂ, അഥവാ പോയാലും അവർക്കു വേണ്ടി വസ്ത്രവും ‘ആക്സസറീസും’ തിരഞ്ഞെടുക്കാൻ ആണുങ്ങളുണ്ട് (!) എന്നു പറഞ്ഞാൽ ശരിയാവില്ല പെണ്ണുങ്ങളുമുണ്ട്. ഓരോ ഈവന്റിനും പുറത്തു പോകും മുമ്പ് ഒരുക്കലും തുണി ഉടുപ്പിക്കലും കാശുചെലവുള്ള കാര്യമാണേ...!

സാരി ഉടുക്കൽ കലയാണെന്നു പണ്ടേ പറയുമെങ്കിലും ഉടുപ്പിക്കൽ കലയാക്കി മാറിയിരിക്കുകയാണിപ്പോൾ. സാരി ഉടുപ്പിക്കൽ പ്രഫഷനായി വളർന്നിരിക്കുന്നു. കല്യാണപ്പെണ്ണിനെ മാത്രമല്ല ഏത് സെലിബ്രിറ്റിയേയും ഉടുപ്പിക്കും. മുംബൈയിലൊക്കെ അതിന് 35000 രൂപ റേറ്റ് നിസ്സാരം.

ഇതൊന്നും വെല്യ കാര്യല്യ. നമ്മുടെ നാട്ടിലും ഒരു സാരി ഉടുപ്പിക്കുന്നതിന് 1000 മുതൽ 2500 വരെ റേറ്റുണ്ട്. ബ്യൂട്ടിപാർലറിൽ പോയി സാരി ഉടുപ്പിക്കലും ലൈറ്റ് മേക്കപ്പും ഹെയർ സെറ്റിങ്ങും ചേർത്ത് 3000 മുതൽ. നേരേ പാർട്ടിക്ക് പോകാം.

ഒടുവിലാൻ∙അംബാനി വീട്ടിലെ കാരണവത്തിയെ സാരി ഉടുപ്പിച്ചതിന് 2 ലക്ഷം കൊടുത്ത കഥ നാട്ടിലെങ്ങും പാട്ടായി. 2 ലക്ഷമോ എന്ന് പല അമ്മച്ചിമാരും മൂക്കത്തു മൊബൈൽ വച്ചുപോയി! (വിരൽ വയ്ക്കുന്നതൊക്കെ പഴേ ഏർപ്പാട്, ഛേ.)

English Summary:

Business boom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com