എൻഎംസി ഹെൽത്ത് കെയർ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർന്നു
Mail This Article
ദുബായ്∙ എൻഎംസി ഹെൽത്ത് കെയർ ഗ്രൂപ്പും ദുബായ് ഇസ്‌ലാമിക് ബാങ്കുമായി നിലവിലുള്ള എല്ലാ കേസുകളും കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കി. ഇതോടെ, എൻഎംസിയുടെ സാമ്പത്തിക ഉടമസ്ഥാവകാശവും നഷ്ടപരിഹാരവും ഇസ്‌ലാമിക് ബാങ്കിനു ലഭിക്കും. ഇന്ത്യൻ വ്യവസായി ബി.ആർ.ഷെട്ടി സ്ഥാപിച്ച കമ്പനി ഗുരുതര സാമ്പത്തിക ക്രമക്കേടിനെ തുടർന്നാണ് കേസിൽ പെട്ടത്. ഓഹരി മൂല്യം പെരുപ്പിച്ചു കാണിച്ചതിനൊപ്പം കടങ്ങൾ മറച്ചുവച്ചെന്നായിരുന്നു കേസ്.
440 കോടി ഡോളറിന്റെ കടം വെളിപ്പെടുത്തിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയതിനൊപ്പം മാനേജ്മെന്റിനെ മാറ്റി എൻഎംസി ഹോൾഡ് കോ എസ്പിവി ലിമിറ്റഡ് എന്ന പുതിയ ഹോൾഡിങ് കമ്പനിയാക്കിയിരുന്നു. നിലവിൽ 85 ആരോഗ്യ സ്ഥാപനങ്ങൾ എൻഎംസിക്കു കീഴിലുണ്ട്. സാമ്പത്തിക കേസുകൾ പരിഹരിച്ചതോടെ ആരോഗ്യ പരിപാലന രംഗത്ത് കൂടുതൽ സംരംഭങ്ങളിലേക്ക് കടക്കാനും അവസരമൊരുങ്ങി.
ദുബായ് ഇസ്‌ലാമിക് ബാങ്കുമായുള്ള സാമ്പത്തിക സഹകരണം തുടരും. കേസുകൾ ഒത്തുതീർപ്പാക്കിയതിന്റെ വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബി.ആർ.ഷെട്ടി, ചീഫ് എക്സിക്യൂട്ടീവ് പ്രശാന്ത് മങ്കാത്ത് എന്നിവർക്കെതിരായ കേസുകളെക്കുറിച്ചും ധാരണയിൽ വ്യക്തമാക്കിയിട്ടില്ല.