കാൻ–ഡിഡ്: നൂതന സംരംഭകരുടെ വിജയകഥകൾ
Mail This Article
കോടിക്കണക്കിന് സാനിറ്ററി നാപ്കിനുകൾ ശേഖരിച്ച് സംസ്കരിക്കുക, കോവിഡ് കണ്ടെത്താനുള്ള ആർടിപിസിആർ കിറ്റിന് ആഗോള ബയോടെക് കമ്പനികളേക്കാൾ മുൻപേ രൂപം കൊടുക്കുക, അമേരിക്കയെ വെല്ലുന്ന സാങ്കേതിക മേന്മയുള്ള ഡ്രോണുകൾ നിർമിക്കുക...പുണെയിലെ വെഞ്ച്വർ സെന്റർ ഇൻക്യുബേറ്റ് ചെയ്തു വൻ വിജയമാക്കിയ സ്റ്റാർട്ടപ് കമ്പനികളാണിതെല്ലാം. നൂറുകണക്കിനു വിജയങ്ങളിൽ നിന്നു തിരഞ്ഞെടുത്ത 15 സംരംഭക കഥകളാണ് ബിസിനസ് ജേണലിസ്റ്റായ എൻ.രാമകൃഷ്ണൻ (റാംകി) തന്റെ ‘കാൻ ഡിഡ്’ എന്നു പേരുള്ള പുസ്തകത്തിൽ വിവരിക്കുന്നത്.
സാനിറ്ററി നാപ്കിനുകളുടെ സംസ്കരണം ഏറ്റെടുത്ത പാഡ്കെയർ ലാബ്സ് തുടങ്ങിയത് അജിങ്ക്യ ദരിയ എന്ന യുവ മെക്കാനിക്കൽ എൻജിനീയറാണ്. ഇന്ത്യയിൽ വർഷം 1200 കോടി നാപ്കിനുകൾ വലിച്ചെറിയപ്പെടുകയും ഖരമാലിന്യത്തിൽ ഉൾപ്പെട്ട് ഭൂമി നികത്താനും മറ്റുമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇവ ദ്രവിക്കാൻ 500 വർഷത്തിലേറെ വേണം. അവിടെയാണ് പാഡ്കെയർ പരിഹാരം കണ്ടത്. സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ പാഡ് ഇടാനുള്ള ബിന്നുകൾ ഏർപ്പെടുത്തുകയും അവ ശേഖരിച്ച് ഫാക്ടറിയിൽ സംസ്കരിക്കുകയുമാണ് ചെയ്യുന്നത്.
മൈലാബ് ഡിസ്കവറി സൊല്യൂഷൻസാണ് ആർടിപിസിആർ ടെസ്റ്റിങ് കിറ്റ് ഇന്ത്യയിലാദ്യം നിർമിച്ച് അംഗീകാരം നേടിയത്. ഇൻഡിയസ് മെഡിക്കൽ സൊല്യൂഷൻസ് നട്ടെല്ലിനു പരുക്ക് മാറ്റാനുള്ള ഇംപ്ലാന്റ്സ് നിർമിച്ച് ലോകമാകെ വിപണനം ചെയ്യുകയാണ്. 60% വിപണി അമേരിക്കയിലും.
ബാക്ടീരിയ ഉപയോഗിച്ച് ജലശുദ്ധീകരണമാണ് റെവി എൻവയൺമെന്റൽ സൊല്യൂഷൻസിന്റെ ബിസിനസ്.
ഇത്തരത്തിലുളള ഏറെ സാമൂഹിക പ്രാധാന്യമുള്ള നൂതന സംരംഭങ്ങളെയാണ് തങ്ങൾ പ്രോൽസാഹിപ്പിക്കുന്നതെന്ന് വെഞ്ച്വർ സെന്റർ ഡയറക്ടർ ഡോ.വി. പ്രേംനാഥ് ചൂണ്ടിക്കാട്ടുന്നു.
എങ്ങനെ സഹ സ്ഥാപകരെയും ടീമിനെയും തിരഞ്ഞെടുക്കാം, തയാറെടുപ്പുകൾ എന്തൊക്കെ, പകർത്താവുന്ന മാതൃകകൾ, പുതിയവർക്കുള്ള മാർഗ നിർദേശങ്ങൾ എന്നിവയും കാൻ–ഡിഡ് എന്ന പുസ്തകത്തിലുണ്ട്. പേര് പോലെ തന്നെ ‘ചെയ്യാൻ കഴിയും, ചെയ്തു കാണിച്ചിട്ടുണ്ട്’ എന്ന സന്ദേശമാണ് വിജയകഥകൾ നൽകുന്നത്.