വില കുത്തനെ ഉയരുന്നു; നല്ല മധുരമുള്ള പൈനാപ്പിൾ
Mail This Article
മൂവാറ്റുപുഴ∙ പൊള്ളുന്ന വേനലിൽ ഉണക്കു ബാധിച്ചതിനെ തുടർന്നു ഉൽപാദനം 50 ശതമാനത്തോളം കുറഞ്ഞതോടെ കടക്കെണിയിലേക്കു വീണ പൈനാപ്പിൾ കർഷകർക്ക് ആശ്വാസം പകർന്ന് പൈനാപ്പിൾ വില കുത്തനെ ഉയരുന്നു. പഴുത്ത പൈനാപ്പിൾ വില 53 രൂപയായി. സ്പെഷൽ ഗ്രേഡ് പച്ചയ്ക്ക് 49 രൂപയായും ഉയർന്നു. കഴിഞ്ഞ ആഴ്ച ആദ്യം 34 രൂപയായിരുന്നു പഴുത്ത പൈനാപ്പിളിന്.
പൈനാപ്പിൾ തോട്ടങ്ങളിൽ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഒരേക്കറിൽ 20000 രൂപയോളം കൂടുതൽ തുകയാണ് കർഷകർക്ക് ചെലവഴിക്കേണ്ടി വരുന്നത്. അനുകൂല കാലാവസ്ഥയിൽ 80% വരെ എ ഗ്രേഡ‍് പൈനാപ്പിൾ ലഭിച്ചിരുന്ന സ്ഥാനത്ത് 40% പോലും ലഭിക്കുന്നില്ലെന്നു കർഷകർ പറയുന്നു. കർഷകർക്ക് വിലക്കയറ്റത്തിന്റെ നേട്ടം പൂർണമായി ലഭിക്കുന്നില്ല. ഇടനിലക്കാരാണു പൈനാപ്പിൾ വില വർധനയിലൂടെ ലാഭം കൊയ്യുന്നത്. സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ പൈനാപ്പിൾ വില 60 രൂപയ്ക്കു മേൽ ഉയർന്നിട്ടുണ്ട്.