ബൈജൂസ് 500 പേരെക്കൂടി പിരിച്ചുവിടുന്നു
Mail This Article
ന്യൂഡൽഹി∙ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 500 ജീവനക്കാരെക്കൂടി എജ്യുടെക് കമ്പനിയായ ബൈജൂസ് പിരിച്ചുവിടുന്നു. പിരിച്ചുവിടൽ സെയിൽസ്, അധ്യാപകർ, ട്യൂഷൻ സെന്റർ എന്നീ വിഭാഗങ്ങളെ ബാധിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബൈജൂസ് നടത്തിയിട്ടില്ല. രണ്ടാഴ്ച മുൻപ് തുടങ്ങിയ പിരിച്ചുവിടൽ ഏതാണ്ട് 500 പേരെ ബാധിക്കുമെന്നു കരുതുന്നു. ചില ജീവനക്കാർക്ക് ഫോൺ വഴിയാണ് അറിയിപ്പു ലഭിച്ചിരിക്കുന്നത്.
2023 ഒക്ടോബറിൽ പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഇതുവരെ 2500–3000 പേരെ പിരിച്ചുവിട്ടിട്ടുണ്ട്. 4500 പേരെ ബാധിക്കുമെന്നാണ് കമ്പനി അന്ന് പറഞ്ഞത്. അതേസമയം, മാർച്ച് മാസത്തെ ശമ്പളം വൈകുമെന്നു കഴിഞ്ഞ ദിവസം ബൈജൂസ് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 8 ആണ് പറഞ്ഞിരിക്കുന്ന സമയപരിധി. ഫെബ്രുവരിയിലെ മുഴുവൻ ശമ്പളം ഇതുവരെ 75 ശതമാനം ജീവനക്കാർക്കും കിട്ടിയിട്ടില്ല.