ADVERTISEMENT

തിരുവനന്തപുരം∙വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കുമുള്ള ആഡംബര നികുതിയുടെ പേര് അധിക നികുതി എന്നു മാറ്റി. 3000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് ഈടാക്കുന്ന നികുതിയുടെ പേരിലാണു മാറ്റം. ആഡംബര നികുതി എന്ന പേര് കേന്ദ്ര നിയമങ്ങൾക്കു വിരുദ്ധമാകും എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു മാറ്റം.

ഇതുസംബന്ധിച്ചു നിയമസഭ പാസാക്കിയ കേരള കെട്ടിട നികുതി നിയമ ഭേദഗതി ബിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടണം എന്ന നിർദേശത്തോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. കെട്ടിട നികുതിക്ക് ഒപ്പം ഒറ്റത്തവണ നികുതി റവന്യു അധികൃതർ ഈടാക്കുന്നുണ്ട്. ഇതു കണക്കാക്കാൻ തദ്ദേശ വകുപ്പിന്റെ അളവു മാത്രം മതിയെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ കെട്ടിടം അളക്കുന്നത് ഒഴിവാക്കും. 

തദ്ദേശ വകുപ്പ് രേഖപ്പെടുത്തിയ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ റവന്യു വകുപ്പ് ഒറ്റത്തവണ നികുതി ഈടാക്കും.

കേരള കെട്ടിട നികുതി നിയമം ഭേദഗതി ചെയ്ത് നേരത്തേ ഓർഡിനൻസ് ഇറക്കിയിരുന്നു. തറ വിസ്തീർണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കിയിരുന്നത്. 3000 ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള എല്ലാ കെട്ടിടങ്ങൾക്കും വർഷം 5000 മുതൽ 12,500 രൂപ വരെ 4 സ്ലാബായി അധിക നികുതി ഈടാക്കും. ഫ്ലാറ്റ്, അപ്പാർട്മെന്റ് സമുച്ചയങ്ങൾക്ക് നികുതി കണക്കാക്കാൻ ഉടമസ്ഥതയാണ് അടിസ്ഥാനം. ഒരേ സമുച്ചയത്തിൽ വ്യത്യസ്ത ഫ്ലാറ്റുകൾ ഒരാളുടെ ഉടമസ്ഥതയിൽ ഉണ്ടെങ്കിൽ പ്രത്യേകം നികുതി കണക്കാക്കും. ഈ ഫ്ലാറ്റുകൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഒന്നിച്ചാണ് നികുതി. വിസ്തീർണം കൂടുതലാണെങ്കിൽ ഒറ്റത്തവണ നികുതിക്കു പുറമേ അധിക നികുതിയും നൽകണം. കെട്ടിടത്തെ കുറിച്ചു തെറ്റായ വിവരം നൽകുന്ന ആൾ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചു കുറ്റക്കാരനാകുമെന്ന വ്യവസ്ഥ ഒഴിവാക്കി. പകരം കെട്ടിട നികുതിയുടെ 50% പിഴയായി ഈടാക്കും. മുൻപ് 1000 രൂപ വരെ ആയിരുന്ന പിഴ വർധിക്കും.

English Summary:

Luxury tax on big houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com