തർക്കം രൂക്ഷം; പിവിആറിൽ നിന്ന് മലയാള സിനിമ പുറത്തായി
Mail This Article
കൊച്ചി ∙പ്രമുഖ മൾട്ടിപ്ലെക്സ് തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സിന്റെ കേരളത്തിലെ തിയറ്ററുകളിൽ മലയാള സിനിമയുടെ പ്രദർശനം നിർത്തി. സിനിമയുടെ പ്രൊജക്‌ഷൻ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കമാണ് പുതിയ പ്രതിസന്ധിക്കു കാരണം.
ഏറ്റവുമധികം കലക്‌ഷൻ കിട്ടുന്ന അവധിക്കാലത്ത് പ്രതിസന്ധി തുടരുന്നത് കനത്ത സാമ്പത്തിക നഷ്ടമാകും മലയാള സിനിമയ്ക്ക് വരുത്തുക.
കൊച്ചി നഗരത്തിൽ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളും പിവിആറിനുണ്ട്. അവധിക്കാല റിലീസുകളായ വിനീത് ശ്രീനിവാസന്റെ ‘വർഷങ്ങൾക്കു ശേഷം’, ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’, രഞ്ജിത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ എന്നിവ പിവിആർ തിയറ്ററുകളിലില്ല. ഫോറം മാളിൽ പിവിആർ ഇന്നലെ പുതിയ 9 സ്ക്രീനുകൾ തുറന്നെങ്കിലും അവിടെയും പുതിയ ചിത്രങ്ങളില്ല.
സിനിമ ചിത്രീകരണത്തിൽ ഫിലിമിന്റെ കാലം കഴിഞ്ഞ് ഡിജിറ്റലിലേക്ക് മാറിയതോടെ ക്യൂബ്, യുഎഫ്ഒ , പിഎക്സ്ഡി, ടിഎസ്ആർ തുടങ്ങിയ കമ്പനികളാണ് ഇപ്പോൾ തിയറ്ററുകളിൽ ഫിലിം പ്രൊജക്ഷൻ നടത്തുന്നത്. ഇതിനായി വെർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) കമ്പനികൾ നിർമാതാക്കളിൽ നിന്നും വിതരണക്കാരിൽ നിന്നും വാങ്ങുന്നുണ്ട്. കമ്പനികൾ ഈടാക്കുന്നത് വൻതുകയാണെന്നും കമ്പനികൾ നിർമാതാക്കളെ പിഴിയുകയാണെന്നുമാണ് നിർമാതാക്കളുടെ പരാതി.
ഇതിനു പരിഹാരമായാണ് നിർമാതാക്കൾ ഇപ്പോഴുള്ളതിന്റെ പകുതി നിരക്കിൽ സിനിമ കാണിക്കാൻ പിഡിസി എന്ന പേരിൽ സ്വന്തമായി പുതിയ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് തുടങ്ങിയത്. ഇതു സ്ഥാപിക്കുന്നതു സംബന്ധിച്ച് കേരളത്തിലെ മറ്റു തീയറ്ററുകളിലും അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ല.
പിവിആർ തിയറ്ററുകൾ തുടങ്ങിയ ഫോറം മാളിൽ പ്രോജക്ടറും സെർവറും ഉള്ള സ്ഥിതിക്ക് പിഡിസി യൂണിറ്റ് കൂടി സ്ഥാപിക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടെങ്കിലും പിവിആർ മാനേജ്മെന്റ് വഴങ്ങിയില്ല. യുഎഫ്ഒ മാത്രമേ അനുവദിക്കൂ എന്നും തങ്ങളുടെ തിയറ്ററിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കണമെങ്കിൽ യുഎഫ്ഒക്ക് വെർച്വൽ പ്രിന്റ് ഫീ നൽകണമെന്നുമാണ് നിലപാട്. നിലവിൽ പ്രദർശിപ്പിക്കുന്ന ആടുജീവിതം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളും പിവിആർ ഷോ ലിസ്റ്റിൽ നിന്ന് നീക്കി. നിർമാതാക്കൾക്ക് ഇതു ഭീമമായ നഷ്ടമാണെന്നും ഇതു പരിഹരിക്കാതെ പിവിആറുമായി സഹകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി.രാകേഷും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിസ്റ്റിൻ സ്റ്റീഫനും വ്യക്തമാക്കി.