സ്വർണ വില വർധിച്ചു, കാരണം യുദ്ധഭീതി
Mail This Article
സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ച് ഗ്രാമിന് 6,705 രൂപയിലും പവന് 53,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപയും പവന് 500 രൂപയും കുറഞ്ഞ് ഗ്രാമിന് 6,650 രൂപയിലും പവന് 53,200 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത് . വെള്ളിയാഴ്ച പവന് 800 രൂപ വർധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ പവന് 53,760 രൂപയിലാണ് വ്യാപാരം നടന്നത്.
ഏപ്രിൽ 2 ന് രേഖപ്പെടുത്തിയ ഒരു പവന് 50680 രൂപയും, ഗ്രാമിന് 6335 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.രാജ്യാന്തര വിപണിയിൽ ശനിയാഴ്ച സ്വർണ വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം.
നിലവിൽ രാജ്യാന്തര സ്വർണവില 2356 ഡോളറിലാണ് വ്യാപാരം തുടരുന്നത്.രാജ്യാന്തര സ്വർണ വിലയിൽ വൻചാഞ്ചാട്ടം അനുഭവപ്പെട്ട വെള്ളിയാഴ്ച റെക്കോർഡ് ഉയരമായ 2448 ഡോളർ അടിച്ച സ്വർണം 2360 ഡോളറിലാണ് ക്ളോസ് ചെയ്തത്. ഇറാൻ-ഇസ്രായേൽ സംഘർഷസാധ്യതയും സ്വർണത്തിന്റെ മുന്നേറ്റത്തിന് പിന്തുണ നൽകി.കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഭൂതപൂർവമായ മുന്നേറ്റം നേടിയ സ്വർണം ഇനിയും മുന്നേറ്റം നേടുമെന്ന പ്രവചനമാണ് ഗോൾഡ്മാൻ സാക്‌സ് മാർച്ചിലെ അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളുടെ വെളിച്ചത്തിൽ നടത്തിയത്.