സ്വർണവില കുതിക്കാൻ കാരണം ഡീഡോളറൈസേഷൻ?
Mail This Article
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണ വിലയിൽ ഉണ്ടാകുന്ന വർധനയ്ക്ക് ഒരു പ്രധാന കാരണം ഡീഡോളറൈസേഷൻ ആണെന്ന് ധനകാര്യവിദഗ്ധർ. ഡീമോണിറ്റൈസേഷൻ എന്നതു നാം ഇന്ത്യക്കാർക്ക് പരിചിതമാണ്. പക്ഷേ എന്താണ് ഈ ഡീ ഡോളറൈസേഷൻ?
രാജ്യങ്ങൾ അവരുടെ കൈയിലുള്ള ഡോളറിന്റെ കരുതൽ ശേഖരം കുറച്ചു കൊണ്ട് വരുന്ന പ്രക്രിയയാണിത്. ഡോളർ റിസർവിനു പകരം ഗോൾഡ് റിസർവിലേക്ക് പല രാജ്യങ്ങളും മാറുകയാണ്. അതാണ് ഏതാനും മാസമായി തുടർച്ചയായി സ്വർണവില വർധിക്കുന്നത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അമേരിക്കയും യൂറോപ്പും റഷ്യയുടെ ഡോളർ റിസർവ് മരവിപ്പിച്ചിരുന്നു. ഇതാണ് കൂടുതൽ രാജ്യങ്ങളെ ഡീ ഡോളറൈസേഷനു പ്രേരിപ്പിച്ചത്. അതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങൽ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ചൈന.
2024 ജനുവരി ഫെബ്രുവരി മാസങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 13.3 ടൺ സ്വർണമാണ് വാങ്ങിയത്. അതേസമയം 2023ൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വാങ്ങി കൂട്ടിയത് 225 ടൺ സ്വർണമാണ്. മാത്രമല്ല ചൈനയിലെ റിയൽ എസ്റേറ്റ് മേഖലയിലെ മാന്ദ്യം മൂലം ചെറുകിട നിക്ഷേപകരും കാര്യമായി മഞ്ഞലോഹത്തിൽ നിക്ഷേപിക്കുന്നുണ്ട്. ലോകത്തെ സ്വർണത്തിന്റെ ഡിമാൻഡിന്റെ പകുതിയും ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്കുണ്ടായ തകർച്ച ഇന്ത്യയിൽ സ്വർണവില വർധനയ്ക്ക് കൂടുതൽ കരുത്തു പകർന്നു.