‘ചില്ലറ’ക്കളിയല്ല തിരഞ്ഞെടുപ്പ് കോടികൾ... കോടികൾ
Mail This Article
കൊച്ചി ∙ ഇന്ത്യ ഒരുങ്ങുന്നതു ലോകത്തെ ഏറ്റവും വലിയ പൊതുതിരഞ്ഞെടുപ്പിനു മാത്രമല്ല, ഒരു പക്ഷേ, തിരഞ്ഞെടുപ്പുകാലത്തെ ഏറ്റവും വലിയ പണമൊഴുക്കിനു കൂടിയാകും! കൃത്യം കണക്കുകളില്ലെങ്കിലും ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ 60,000 – 70,000 കോടി രൂപയെങ്കിലും ചെലവഴിക്കപ്പെടുമെന്നാണു വിലയിരുത്തൽ.
ഒരു ലക്ഷം കോടി കവിഞ്ഞാലും അതിശയം വേണ്ടെന്നു കരുതുന്നവരുമുണ്ട്! തിരഞ്ഞെടുപ്പു നടത്തിപ്പിനായി കേന്ദ്ര സർക്കാർ ചെലവിടുന്ന തുകയും സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണത്തിനായി ഒരുക്കുന്ന കോടികളും ചേരുമ്പോഴാണ് ഈ ഭീമൻ പണമൊഴുക്ക്.
ലോക്സഭാ തിരഞ്ഞെടുപ്പു നടപടികൾക്കുള്ള പണം പൂർണമായി ചെലവിടുന്നു കേന്ദ്രമാണ്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു 3870 കോടി രൂപ ചെലവിട്ടതായി കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭരണപരമായ ചെലവ്, വോട്ടിങ് യന്ത്രങ്ങൾ വാങ്ങിയതിന്റെ ചെലവ്, വോട്ടർമാർക്കുള്ള ബോധവൽക്കരണ പരിപാടികൾക്കുള്ള ചെലവ് എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ തുക.
2019 ലെ തിരഞ്ഞെടുപ്പിനായി സർക്കാർ ചെലവിട്ട തുക ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും വോട്ടിങ് യന്ത്രങ്ങൾക്കു മാത്രമായി ഇതിലേറെ തുക ചെലവായെന്നാണു വിലയിരുത്തൽ. വലിയ സംസ്ഥാനങ്ങളിൽ ഒരു മണ്ഡലത്തിലെ സ്ഥാനാർഥിക്കു പ്രചാരണത്തിനു ചെലവാക്കാവുന്ന പരമാവധി തുക 95 ലക്ഷം രൂപയായി തിരഞ്ഞെടുപ്പു കമ്മിഷൻ നിജപ്പെടുത്തിയിട്ടുണ്ട്. ചെറിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 75 ലക്ഷം രൂപ. ഇവയ്ക്കു കൃത്യം കണക്കുകൾ തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിക്കുകയും വേണം. പാർട്ടികളും സ്ഥാനാർഥികളും ഔദ്യോഗിക നിയന്ത്രണങ്ങൾക്കു പുറത്തു ചെലവഴിക്കുന്ന തുകയാണു വിപണി ഉഷാറാക്കുന്നത്.
പാർട്ടികൾ പല പേരിൽ ചെലവിടുന്നതു കോടികളാണ്. പൊതു സമ്മേളനങ്ങൾക്കും റാലികൾക്കും പരസ്യങ്ങൾക്കുമൊക്കെ വേണ്ടി ചെലവാകുന്നതു കോടികൾ.
മാർക്കറ്റിങ് ഏജൻസികൾ, ഇവന്റ് മാനേജ്മെന്റ് കമ്പനികൾ വരെ പണമൊഴുക്കുന്നത് എത്രയോ മേഖലകളിലേക്ക്.