സീ–സോണി ലയനം: 1000 കോടി ഡോളറിന്റെ മെഗാ ഇടപാടിൽ നിന്ന് സീ ഗ്രൂപ്പ് പിൻവാങ്ങുന്നു
Mail This Article
ന്യൂഡൽഹി∙ ടെലിവിഷൻ–വിനോദ രംഗത്തെ പ്രമുഖരായ സീ എന്റർടെയ്ൻമെന്റ് സോണി ഗ്രൂപ്പ് നെറ്റ്‌വർക്കുമായുള്ള ലയനത്തിൽ നിന്ന് പിൻവാങ്ങുന്നു. ലയനം സംബന്ധിച്ച് ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലിൽ (എൻസിഎൽടി) നൽകിയ അപേക്ഷ പിൻവലിക്കുന്നതായി സീ എന്റർടെയ്ൻമെന്റ് അറിയിച്ചു.
കമ്പനി ബോർഡിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്ന് സീ എന്റർടെയ്ൻമെന്റ് പറയുന്നു.1000 കോടി ഡോളറിന്റെ മെഗാ ഇടപാടായിരുന്നു ഇത്.
ലയനത്തിനു ശേഷം ആര് കമ്പനിയെ നയിക്കുമെന്നതുൾപ്പെടെയുള്ള വിഷയങ്ങളിലെ തർക്കം രൂക്ഷമായതോടെ ലയനത്തിൽ നിന്ന് സോണി ഗ്രൂപ്പ് നെറ്റ്‌വർക്ക് പിൻമാറുന്നതായി അറിയിച്ചിരുന്നു. സിംഗപ്പൂർ ഇന്റർനാഷനൽ ആർബിട്രേഷൻ സെന്ററിൽ ആർബിട്രേഷൻ നടപടികൾ ആരംഭിച്ച സോണി ഗ്രൂപ്പ് എൻസിഎൽടിയിൽ സമർപ്പിച്ച ലയന അപേക്ഷയും പിൻവലിച്ചു. കരാർ അനുസരിച്ച് സീ എന്റർടെയ്ൻമെന്റ് സിഇഒ പുനീത് ഗോയങ്ക ആയിരുന്നു ലയന ശേഷമുള്ള സ്ഥാപനത്തിന്റെ മേധാവി. എന്നാൽ സോണി ഇന്ത്യ മേധാവി എൻ.പി.സിങ്ങിനായി സോണി ഗ്രൂപ്പിന്റെ ചരടുവലി രൂക്ഷമായതാണ് ലയനത്തെ ബാധിച്ചത്.
കമ്പനി ഘടന കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സീ എന്റർടെയ്ൻമെന്റ് നാലു വിഭാഗങ്ങളായി പ്രവർത്തിക്കാൻ കമ്പനി ബോർഡ് അനുമതി നൽകി.
ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ, മൂവീസ്, മ്യൂസിക് എന്നിവയാണിത്. ആഭ്യന്തര ബ്രോഡ്കാസ്റ്റ് ബിസിനസ് എംഡിയും സിഇഒയുമായ പുനീത് ഗോയങ്കയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവും.