രാജ്യാന്തര ബ്രാൻഡ് ആകാൻ ഡിഡി ന്യൂസ്
Mail This Article
ന്യൂഡൽഹി ∙ ദേശീയ വാർത്താ ചാനൽ ഡിഡി ന്യൂസിനെ രാജ്യാന്തര ബ്രാൻഡായി മാറ്റാനുള്ള ചുവടുവയ്പുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയവും പ്രസാർ ഭാരതിയും. 15 രാജ്യങ്ങളിൽ ബ്യൂറോ തുടങ്ങാൻ പദ്ധതിയിടുന്ന പ്രസാർ ഭാരതി, കഴിഞ്ഞ മാസം അവതരിപ്പിച്ച ശബ്ദ്(ഷെയേർഡ് ഓഡിയോ വിഷ്വൽ ഫോർ ബ്രോഡ്കാസ്റ്റ് ആൻഡ് ഡിസെമിനേഷൻ) വെബ്സൈറ്റിനെ രാജ്യാന്തര ന്യൂസ് ഏജൻസി സംവിധാനമായി വികസിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനു കീഴിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ഹബ്ബും, പഴയ മാധ്യമവാർത്തകളുടെ ആർക്കൈവൽ സംവിധാനമായ ‘ഭാരത് നമൻ’ വെബ്സൈറ്റും പദ്ധതിയിടുന്നു. ഡിഡി ന്യൂസിന്റെ ലോഗോ കാവി നിറത്തിലാക്കിയത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. അതേസമയം പ്രസാർ ഭാരതിയെയും ഡിഡി ന്യൂസിനെയും രാജ്യാന്തര ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാറ്റങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നും ഇതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റുഡിയോ സംവിധാനവും പുതിയ വെബ്സൈറ്റും അവതരിപ്പിച്ചതിനൊപ്പമാണു ലോഗോയിലെ മാറ്റമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
നരേന്ദ്ര മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വന്നാൽ ആദ്യ 100 ദിവസത്തിൽ നടപ്പാക്കേണ്ട പദ്ധതിയുടെ ഭാഗമായിട്ടാണു ഇതുൾപ്പെടെയുള്ള നിർദേശങ്ങൾ. അടുത്ത 5 വർഷത്തേക്കു നടപ്പാക്കേണ്ട കാര്യങ്ങളും വാർത്താ വിതരണ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. രാജ്യാന്തര മാധ്യമ–വിനോദ വ്യവസായ സമിറ്റ്, പിഐബിയുടെ ഫാക്ട് ചെക്ക് യൂണിറ്റിന്റെ വികസനം എന്നിവയെല്ലാം 100 ദിന പദ്ധതികളിൽ ഉൾപ്പെടുന്നു.
പ്രസാർ ഭാരതിയുടെയും ഡിഡി ന്യൂസിന്റെയും വിദേശ രാജ്യങ്ങളിലെ സാന്നിധ്യം ശക്തമാക്കുകയാണു പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ‘ഡിഡി ഫ്രീ ഡിഷ്’ സംവിധാനം അയൽ രാജ്യങ്ങളിലേക്ക് എത്തിക്കാനും കൂടുതൽ ചാനലുകൾ ഇതിന്റെ ഭാഗമാക്കാനും നിർദേശമുണ്ട്.