ഇന്ത്യൻ കറിമസാല ഇറക്കുമതി നിരോധനം: സ്പൈസസ് ബോർഡ് ഇടപെടുന്നു
Mail This Article
കൊച്ചി ∙ സിംഗപ്പൂരിനു പിന്നാലെ ഹോങ്കോങ്ങും ഇന്ത്യൻ കറി മസാലകൾ തിരിച്ചയച്ച സംഭവത്തിൽ സ്പൈസസ് ബോർഡ് ഇടപെടുന്നു. കേരളത്തിനു പുറത്തുള്ള രണ്ടു പ്രമുഖ ബ്രാൻഡുകളുടെ കറിപ്പൊടികളാണു വിവാദത്തിൽപ്പെട്ടത്. ഇരു രാജ്യങ്ങളിലെയും അധികൃതരിൽ നിന്നു സാങ്കേതിക വിവരങ്ങളും വിശകലന റിപ്പോർട്ടുകളും കയറ്റുമതിക്കാരുടെ വിവരങ്ങളും ശേഖരിക്കാൻ ബോർഡ് ശ്രമം ആരംഭിച്ചു.
സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും ഇന്ത്യൻ എംബസികളുമായും ബന്ധപ്പെട്ടു. കയറ്റുമതിക്കാരുമായും ആശയവിനിമയം നടത്തുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിനായി കയറ്റുമതി സ്ഥാപനങ്ങളിൽ സമഗ്രമായ പരിശോധനകളും നടത്തുകയാണ്.
കറി മസാലകളിൽ എഥിലീൻ ഓക്‌സൈഡിന്റെ (ഇടിഒ) സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഉൽപന്നങ്ങൾ തിരിച്ചയച്ചത്. സിംഗപ്പൂരിലേക്കും ഹോങ്കോങ്ങിലേയ്ക്കും അയയ്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ നിർബന്ധിത ഇടിഒ പരിശോധന ആരംഭിക്കുന്നതിനുള്ള സംവിധാനം സ്പൈസസ് ബോർഡ് ഏർപ്പെടുത്തി.