അമേരിക്കയിലെ ഏറ്റവും വലിയ ഓഹരി ബൈ ബാക്കുമായി ആപ്പിൾ
Mail This Article
ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആപ്പിൾ അമേരിക്കയിൽ ഇതുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഓഹരി ബൈബാക്ക് പ്രഖ്യാപിച്ചു. ആപ്പിൾ കമ്പനി 110 ബില്യൺ ഡോളർ അധിക ഓഹരി തിരിച്ചുവാങ്ങലുകൾക്ക് അംഗീകാരം നൽകി. 2024 രണ്ടാം പാദത്തിലെ വരുമാനം വെളിപ്പെടുത്തിയതോടൊപ്പം, ഓഹരി ഉടമകൾക്ക് നൽകുന്ന ലാഭവിഹിതം 4 ശതമാനം വർദ്ധിപ്പിക്കുന്നതായും ആപ്പിൾ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആപ്പിൾ എല്ലാ വർഷവും ബൈ ബാക്ക് നടത്തുന്നുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
2012 മുതൽ 2022 അവസാനം വരെ, ഷെയർ ബൈബാക്ക് പ്രോഗ്രാമുകൾക്കായി ആപ്പിൾ 572 ബില്യൺ ഡോളറിലധികം ചെലവഴിച്ചു. ഓഹരികൾ തിരികെ വാങ്ങുന്നതിന്റെ മൂല്യത്തെക്കുറിച്ച് നിക്ഷേപകനായ വാറൻ ബഫറ്റിൽ നിന്ന് 2019ൽ പഠിച്ചതാണെന്നു ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു.
ആപ്പിൾ ഐഫോണിന്റെ വിൽപന ആഗോളതലത്തിൽ തന്നെ മന്ദഗതിയിലായിരിക്കുന്ന സമയത്താണ് ഓഹരി തിരിച്ചു വാങ്ങൽ തീരുമാനം എടുത്തതെന്ന് കാര്യം ശ്രദ്ധേയം. ഇന്ത്യയെ പോലുള്ള വളരുന്ന വിപണികളിലാണ് ഇപ്പോൾ ആപ്പിൾ ഉത്പന്നങ്ങൾ കൂടുതലായി വിറ്റഴിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ആപ്പിൾ ഉത്പന്നങ്ങൾക്ക് ശക്തമായ ഡിമാൻഡ് ഉള്ളതിനാൽ ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിൽ റെക്കോർഡ് വർധനവാണ് ഈ പാദത്തിൽ ഉണ്ടായിരിക്കുന്നത്.