എംആർഎഫ്: അറ്റാദായത്തിൽ മൂന്നിരട്ടി വർധന
Mail This Article
ചെന്നൈ∙ പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ കഴിഞ്ഞ വർഷത്തെ അറ്റാദായത്തിൽ മൂന്നിരട്ടിയോളം വർധന. മുൻ സാമ്പത്തിക വർഷം 769 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 2,081 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷം 1070 കോടി രൂപയായിരുന്ന ലാഭം (നികുതിക്കു മുൻപ്) ഇത്തവണ 2,787 കോടിയുമായി. കമ്പനിയുടെ സഞ്ചിത വരുമാനം 25,486 കോടി രൂപയാണ്. മുൻ വർഷം ഇത് 23,261 കോടിയായിരുന്നു.
മികച്ച വിൽപന, അസംസ്കൃത വസ്തുക്കളുടെ വിലക്കുറവ്, ഉയർന്ന കാര്യക്ഷമത എന്നിവയാണു ലാഭം വർധിക്കാൻ കാരണമെന്നു കമ്പനി അറിയിച്ചു. ടയർ ഉൽപാദകർക്കു മേൽ കേന്ദ്രം ചുമത്തിയ പ്രത്യേക (എക്സ്റ്റൻഡഡ് പ്രൊഡ്യൂസേഴ്സ് റെസ്പോൺസിബിലിറ്റി) തുകയായ 145 കോടി രൂപ നൽകിയ ശേഷമുള്ള ലാഭത്തിന്റെ കണക്കാണിത്. 706 കോടി രൂപ നികുതിയായി നൽകി (മുൻ വർഷം 301 കോടി രൂപ). 1887 കോടി രൂപയുടെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചില്ലെന്നു മാത്രമല്ല ട്രക്ക് ടയർ ശ്രേണിയിൽ ഒന്നിന്റെ വില കുറയ്ക്കുകയും ചെയ്തു.
ആഡംബര ബൈക്കുകൾക്കുള്ള സ്റ്റീൽ റേഡിയൽ ടയർ ഉൽപാദനം ആരംഭിച്ചതാണ് ഈ കാലയളവിലെ നേട്ടങ്ങളിലൊന്ന്. ഓഹരി ഒന്നിന് 194 രൂപ വീതം (1940%) അന്തിമ ലാഭവിഹിതം നൽകാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിർദേശിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി 3 രൂപ വീതം രണ്ട് ഇടക്കാല ലാഭവിഹിതം നേരത്തെ നൽകിയിരുന്നു. ഈ വർഷത്തെ മൊത്തത്തിലുള്ള ലാഭവിഹിതം ഓരോ ഓഹരിക്കും 200 രൂപയാണ്.
–––––––––––––––