ഓഹരി വാങ്ങാൻ കേട്ടുകേൾവി ഇല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യാറുണ്ടോ? തട്ടിപ്പിന്റെ പുതിയ മുഖം
Mail This Article
ഇന്ത്യൻ ഓഹരി വിപണി റെക്കോർഡ് ഉയരത്തിലേക്ക് എത്തിയതോടെ ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പുകളും കൂടുന്നു. തട്ടിപ്പുകാർ ഇരകളുടെ വിശ്വാസം ആർജിച്ചശേഷം, അവർ പറയുന്ന ട്രേഡിങ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. "ആപ്പുകൾ ഡൗൺലോഡ് ചെയ്തു നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചു ഓഹരി വാങ്ങാൻ, എളുപ്പമാക്കാം, സ്വന്തമായും ചെയ്യാൻ പഠിപ്പിക്കാം, പിന്നെ ആർക്കും കമ്മീഷൻ കൊടുക്കേണ്ടി വരില്ല". എന്നിങ്ങനെയാകും തട്ടിപ്പുകാരുടെ വാക്കുകൾ, ഇതുകേട്ട് കേട്ടു കേൾവിയില്ലാത്ത ആപുകൾ ഡൗൺലോഡ് ചെയ്‌ത് പണം നിക്ഷേപിച്ചാൽ തട്ടിപ്പുകാർ ഇരകളെ കുഴിയിൽ വീഴ്ത്താനുള്ള ആദ്യ പടി കടന്നു എന്ന് ഉറപ്പിക്കാം.
ബാങ്ക് അക്കൗണ്ടിൽ നിന്ന് ആപ്പിലേക്ക് ഓഹരി വാങ്ങാൻ പണം ട്രാൻസ്ഫർ ചെയ്‌താൽ തട്ടിപ്പിന്റെ 'രണ്ടാമത്തെ ഘട്ടവും' കഴിയും. പിന്നീട് തട്ടിപ്പുകാർ വേണ്ട രീതിയിൽ നമ്മുടെ പണത്തെ അവരുടെ അക്കൗണ്ടിൽ എത്തിക്കും. എന്നാൽ പണം സുരക്ഷിതമായി 'ആപ്പിൽ ' ഉണ്ടെന്ന വിശ്വാസത്തിൽ ഇരകൾ തട്ടിപ്പ് നടക്കുന്നത് പോലും അറിയാറില്ല എന്നതാണ് സത്യം.
തട്ടിപ്പുകാരുടെ ആപ്പിൽ 'ലാഭ വിഹിതം' പോലും കാണിക്കുകയും, നാളുകളോളം ഇരയെ സന്തോഷമാക്കി നിർത്തുകയും ചെയ്യും. എന്നാൽ പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് ചതികുഴിയിൽ വീണ കാര്യം ഇരകൾ മനസ്സിലാക്കുക. ഇന്ത്യയിൽ ഈ തരത്തിലുള്ള തട്ടിപ്പാണ് ഇപ്പോൾ ഏറ്റവും അധികം അരങ്ങേറുന്നത്. പരിചയമില്ലാത്ത, 'ട്രേഡിങ് ആപ്പുകൾ' ഡൗൺലോഡ് ചെയ്യാതിരിക്കുകയാണ് ഇതിൽ വീഴാതിരിക്കാനുള്ള ഒരു മാർഗം.