കേരളം ടെക്ക് ഹബ് ആവും; ഐബിഎമ്മിന് കൊച്ചി ക്രിട്ടിക്കൽ കേന്ദ്രം
Mail This Article
പ്രമുഖ ഇന്ത്യൻ ഐടി കമ്പനികൾ കേരളത്തിലെ ഐടി പാർക്കുകളിലെത്തിയിട്ടും വിദേശ ബഹുരാഷ്ട്ര ഭീമൻ കമ്പനികൾ വരുന്നില്ല എന്ന പോരായ്മയ്ക്ക് പരിഹാരമായിരുന്നു ഐബിഎമ്മിന്റെ കൊച്ചി ഇൻഫോപാർക്കിലേക്കുള്ള വരവ്. വലുപ്പത്തിൽ ലോകത്തെ നാലാമത്തെ ഐടി കമ്പനി, 177 രാജ്യങ്ങളിലായി 300 ഓഫിസുകൾ, 2.8 ലക്ഷത്തിലേറെ ഉന്നത പ്രഫഷനലുകൾ.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐബിഎം കൊച്ചിയെ ക്രിട്ടിക്കൽ സെന്റർ ആയി കണക്കാക്കുകയാണ്. റിക്രൂട്മെന്റ് വൻ തോതിൽ വർധിക്കുമെന്നും ഐബിഎം സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് ആഗോള മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ ദിനേഷ് നിർമൽ പറയുന്നു. അദ്ദേഹം ബിസിനസ് മനോരമയോട് സംസാരിക്കുന്നു.
∙എന്തുകൊണ്ട് കൊച്ചി
ബെംഗളൂരുവിലും ഹൈദരാബാദിലും വൻ സാന്നിധ്യമുള്ള ഐബിഎം ടിയർ ടു നഗരങ്ങളെ പരിഗണിച്ചപ്പോൾ അഹമ്മദാബാദും കൊച്ചിയും തിരഞ്ഞെടുത്തു. കൊച്ചിക്ക് അനുകൂല ഘടകങ്ങളേറെ. വിമാന കണക്ടിവിറ്റി, ജീവിതച്ചെലവ് കുറവ്, മികച്ച ടാലന്റ്, ഐബിഎമ്മിനു വേണ്ട നിലവാരമുള്ള പ്രീമിയം ഐടി കെട്ടിടങ്ങൾ... പുറമേ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായമന്ത്രി പി.രാജീവും നൽകിയ പിന്തുണ.
ആരംഭിച്ച് 2 വർഷത്തിനകം കൊച്ചിയിലെ ലാബ് (സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് സെന്റർ) മതിപ്പ് സൃഷ്ടിച്ചു. ഇപ്പോൾ ‘റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ’ നടക്കുകയാണ്. ബെംഗളൂരു പോലെ മറ്റു സ്ഥലങ്ങളിൽ നിന്ന് മികച്ചവർ ഇവിടേക്കു വരാൻ താൽപര്യം കാട്ടുന്നു.
∙വിദേശത്തു കുടിയേറിയവർ തിരിച്ചുവരുന്നുണ്ടോ?
യുഎസ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ കുടിയേറിയവർ കൊച്ചി ഐബിഎമ്മിലേക്ക് വരാൻ താൽപര്യം കാട്ടുന്നുണ്ട്. ഹൈടെക് റോളിൽ ശമ്പളവും ഉയർന്നതാണ്. പുറത്തു കുടിയേറിയ ഒരാൾ തിരികെ വരുമ്പോൾ ഇവിടെ അതു 10 പേർക്കെങ്കിലും തൊഴിൽ ആകുന്നുണ്ടെന്നതും കാണണം. റസ്റ്ററന്റ്, ടാക്സി, ഫ്ലാറ്റ്, ഫർണിച്ചർ, ക്ലീനിങ്...അത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജമാണ്. സൗദിയിലെ റിയാദിൽ ഐബിഎം ലാബ് തുടങ്ങിയപ്പോൾ കൊച്ചിയിൽ നിന്നുള്ളവരെയാണ് പരിശീലനം കൊടുക്കാൻ അയച്ചത്.
∙ഏത് ഉൽപന്നമാണ് കൊച്ചിയെ ശ്രദ്ധേയമാക്കിയത്?
കൊച്ചിയിൽ മാത്രമായി രൂപംകൊടുത്ത ‘വാട്സൺ ഓർക്കസ്ട്രേറ്റ്’ എന്ന എഐ (നിർമ്മിത ബുദ്ധി) സോഫ്റ്റ്‌വെയർ ലോകമാകെ ബഹുരാഷ്ട്ര കമ്പനികൾ ഉപയോഗിക്കുന്നു. ഓട്ടമേഷന് സഹായിക്കുന്ന ഉൽപന്നമാണിത്. മെയ്ഡ് ഇൻ കേരള എന്ന് ആ സോഫ്റ്റ്‌വെയറിനെ വിളിക്കാം. കൊച്ചി ഐബിഎം ക്രിട്ടിക്കൽ സെന്റർ ആയത് എഐ ഉൽപന്നങ്ങൾ വന്നതോടെയാണ്. വളരെ ക്രിട്ടിക്കലായ ജനറേറ്റീവ് എഐ മോഡലുകളുടെ വികസനം ഇവിടെ തുടങ്ങാൻ പോകുന്നു.
∙റിക്രൂട്ട്മെന്റ്?
എണ്ണം പറയുന്നില്ല. പക്ഷേ വൻ തോതിൽ റിക്രൂട്ട്മെന്റ് ഉണ്ടാവും. ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെ. ലുലു ടവറിലെ സ്ഥലം ഏറ്റെടുത്തതും മറ്റും അതിന്റെ ഭാഗമാണ്.
വർക്ക് ഫ്രം ഹോം നയം?
കൊച്ചിയിൽ ഡബ്ല്യുഎഫ്എച്ച് ഇല്ലെന്നു തന്നെ പറയാം. എല്ലാവരും ഓഫിസിൽ ദിവസവും വരുന്നു. പരസ്പരമുള്ള ‘കൊളാബെറേഷൻ’ പ്രധാനമാണ്.
ഐബിഎം തലപ്പത്ത് ഇന്ത്യക്കാരുടെ സാന്നിധ്യമാണോ ഇവിടെ നിക്ഷേപം കൂടാൻ കാരണം?
ഐബിഎം ചെയർമാൻ അരവിന്ദ് കൃഷ്ണ ഇന്ത്യക്കാരനായിരിക്കാം, പക്ഷേ ആപ്പിൾ ചെയർമാൻ അല്ലല്ലോ, അവരും നിക്ഷേപം നടത്തുന്നില്ലേ? ഐടിയിൽ തുടക്കം മുതൽ ഇന്ത്യയ്ക്ക് വലിയ റോൾ ഉണ്ട്. ഗ്രേറ്റ് ടു ബി ഇൻ കേരള എന്ന് ഐബിഎം കരുതുന്നെങ്കിൽ ഇനി മറ്റനേകം വിദേശ കമ്പനികളും അതുകണ്ട് ഇവിടെ നിക്ഷേപം നടത്തും.