സുഗന്ധ വ്യഞ്ജന വിപണിയിൽ മടുപ്പ്
Mail This Article
ഇന്ത്യയിൽനിന്നുള്ള ചില മസാല ബ്രാൻഡുകൾക്കു സിംഗപ്പൂരും ഹോങ്കോങ്ങും വിലക്ക് ഏർപ്പെടുത്തിയതു സുഗന്ധ വ്യഞ്ജന വിപണിയിൽ മടുപ്പിന് ഇടയാക്കിയിരിക്കുന്നു. ജാതിക്ക, ജാതിപത്രി, ഗ്രാമ്പൂ തുടങ്ങിയവയുടെ വിലയിൽ കഴിഞ്ഞ ആഴ്ച മടുപ്പ് അനുഭവപ്പെട്ടു. മസാല നിർമാതാക്കളിൽനിന്നുള്ള ഡിമാൻഡിൽ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്.
അനുവദനീയമായ അളവിൽ കവിഞ്ഞു കീടനാശിനിയുടെ അംശമുണ്ടെന്ന് ആരോപിച്ചാണു സിംഗപ്പൂരിന്റെയും ഹോങ്കോങ്ങിന്റെയും നടപടി. മറ്റു രാജ്യങ്ങളെയും സമാന നടപടിക്കു പ്രേരിപ്പിച്ചേക്കുമോ എന്ന് ആശങ്കയുണ്ട്. കൂടുതൽ ബ്രാൻഡുകൾ വിലക്കപ്പെടുമോ എന്ന ആശങ്കയും ഇല്ലാതില്ല. ഇതാണു മസാല നിർമാതാക്കളെ സുഗന്ധ വ്യഞ്ജന സമാഹരണത്തിൽനിന്നു തൽക്കാലത്തേക്കു പിന്തിരിപ്പിക്കുന്നത്.
അതേസമയം, എത്‌ലിൻ ഓക്സൈഡ് ഉപയോഗിച്ചു സംസ്കരിച്ച സുഗന്ധ വ്യഞ്ജനങ്ങൾ ഹാനികരമല്ലെന്ന് അമേരിക്കൻ സ്പൈസ് ട്രേഡ് അസോസിയേഷൻ (അസ്റ്റ) വ്യക്തമാക്കിയിട്ടുള്ളതു മസാല നിർമാതാക്കൾക്ക് ആശ്വാസകരമായിട്ടുണ്ട്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, യുഎസ് എൻവയൺമെന്റൽ പ്രൊട്ടക്‌ഷൻ ഏജൻസി എന്നിവയെ ഉദ്ധരിച്ചുകൊണ്ടാണ് അസ്റ്റയുടെ വിശദീകരണം.
സുഗന്ധ വ്യഞ്ജനങ്ങളുടെ ഉൽപാദനത്തിലും ഉപഭോഗത്തിലും കയറ്റുമതിയിലും ഒന്നാം സ്ഥാനമുള്ള രാജ്യമാണ് ഇന്ത്യ. 2022 – ’23ൽ 400 കോടി യുഎസ് ഡോളറിന്റെ (34,000 കോടിയോളം രൂപ) സുഗന്ധ വ്യഞ്ജനങ്ങളാണ് ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്തത്.
കൊക്കോ വിലയിൽ വൻ ഇടിവ്
കഴിഞ്ഞ മാസം റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്ന കൊക്കോ വിലയിൽ വൻ ഇടിവ്. ന്യൂയോർക്ക് ഇന്റർനാഷനൽ കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ജൂലൈ അവധി വില ടണ്ണിന് 8635 ഡോളറിലേക്കു താഴ്ന്നു. ഏപ്രിൽ 19ന് 11,722 ഡോളർ വരെ വില ഉയർന്നിരുന്നു. ലണ്ടൻ ഇന്റർനാഷനൽ കമ്മോഡിറ്റി എക്സ്ചേഞ്ചിൽ വില ടണ്ണിന് 7419 പൗണ്ടിലേക്കാണു താഴ്ന്നിരിക്കുന്നത്.
രാജ്യാന്തര വിപണിയിലെ വിലയിടിവിന്റെ ആഘാതം ആഭ്യന്തര വിപണിയിലും പ്രകടമാകുന്നു. ഈ മാസം ആദ്യം ഇടുക്കി ജില്ലയിലെ വിവിധ വിപണികളിൽ ഉണക്ക കൊക്കോയ്ക്കു കിലോ ഗ്രാമിന് 1075 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച വില ശരാശരി 580 – 620 നിലവാരത്തിലേക്കു താഴ്ന്നു. പച്ച കൊക്കോ വിലയിലും ഗണ്യമായ കുറവ് അനുഭവപ്പെട്ടു.
തേയില വരവിൽ വർധന സാധ്യത
വരണ്ടുണങ്ങുകയായിരുന്ന തേയിലത്തോട്ടങ്ങളിൽ വേനൽ മഴ ലഭിക്കാൻ തുടങ്ങിയതിനാൽ വിപണിയിലേക്കു കൂടിയ അളവിൽ തേയില എത്തുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ. ഉൽപാദനത്തിലെ കുറവു കൊച്ചി ഉൾപ്പെടെയുള്ള ലേല കേന്ദ്രങ്ങളിലെ തേയില വരവിനെ സാരമായി ബാധിക്കുന്നു. ലഭ്യതയിലെ കുറവു വില ഉയരാൻ കാരണമായിട്ടുമുണ്ട്.