ADVERTISEMENT

കൊച്ചി: തൊഴിലും വരുമാനസാധ്യതകളും തേടി മലയാളി യുവാക്കൾ മറുനാടുകളിലേക്ക് ചേക്കേറുന്നതിനിടെ കേരളത്തിലെത്തി വിജയകരമായ സ്റ്റാർട്ടപ് സ്ഥാപിച്ചിരിക്കുകയാണ് ഉത്തർ പ്രദേശിൽ നിന്നുള്ള രണ്ടു സഹോദരങ്ങൾ. യുപിയിലെ ബറെയ്‌ലി സ്വദേശികളായ ഋഷഭ് സൂരിയും സഹോദരൻ രോഹൻ സൂരിയും ചേർന്ന് സ്ഥാപിച്ച ഖുദ്റത് എന്ന കമ്പനി കാർഷികാവശിഷ്ടങ്ങളിൽ നിന്നും പാത്രങ്ങളുണ്ടാക്കുന്നതിലാണ് ശ്രദ്ധയൂന്നുന്നത്. തിരുവനന്തപുരത്താണ് കമ്പനിയുടെ ആസ്ഥാനം.

മാലിന്യ സംസ്കരണത്തിലധിഷ്ഠിതമായ വ്യവസായം എന്ന ആശയമാണ് മോട്ടോർസൈക്കിൾ ഡീലറായിരുന്ന ഋഷഭിനെ ഖുദ്റത് എന്ന ആശയത്തിലെത്തിച്ചത്. തന്റെ സുഹൃത്തും വഴികാട്ടിയുമായ ആളുടെ പഞ്ചസാര ഫാക്ടറി സന്ദർശിച്ചതാണ് ഋഷഭിന്റെ സംരംഭക ജീവിതത്തിൽ വഴിത്തിരിവായത്. പഞ്ചസാര നിർമിച്ച ശേഷം ബാക്കി വരുന്ന കരിമ്പിൻചണ്ടി മറ്റുൽപ്പന്നങ്ങൾ നിർമിക്കാനുപയോഗിക്കുന്നതിന്റെ സാധ്യത അവിടെ വച്ചാണ് ഋഷഭ് മനസിലാക്കിയത്.

Co-Founders-In-the-office
ഋഷഭ് സൂരിയും സഹോദരൻ രോഹൻ സൂരിയും ഓഫീസിൽ Image: Special Arrangement

അത്തരമൊരു സംരംഭം തുടങ്ങുന്നതിനാവശ്യമായ സാങ്കേതിക സഹായത്തിനായി തിരുവനന്തപുരത്തുള്ള സിഎസ്ഐആർ - നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുമായി സഹകരിക്കുന്നതിലൂടെയാണ് ഋഷഭിന്റെ കേരളാബന്ധം ആരംഭിക്കുന്നത്. നെല്ലിന്റെ ഉമിയിൽ നിന്നും വൈക്കോലിൽ നിന്നുമുണ്ടാകുന്ന പ്ലേറ്റുകളും ഗ്ലാസുകളും ഓലയിൽ നിന്നുണ്ടാക്കുന്ന സ്ട്രോ, അരിപ്പൊടിയും ഗോതമ്പ് പൊടിയുമുപയോഗിച്ചുണ്ടാക്കുന്ന സ്പൂൺ, വിവിധ തരം ബൗളുകൾ എന്നിവയാണ് ഖുദ്റത്തിന്റെ ഉൽപന്നങ്ങൾ. ആവശ്യം കഴിഞ്ഞ ശേഷം ഇവ ജൈവവളമായോ മൃഗങ്ങൾക്കുള്ള ആഹാരമായോ ഉപയോഗിക്കാം.

2020 ഡിസംബർ മുതൽ ഒന്നര വർഷത്തോളമെടുത്തു ഗവേഷണത്തിനായി. 2022 ഓഗസ്റ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ഉൽപ്പന്നം പുറത്തിറക്കുകയും അതേ വർഷം നവംബറിൽ ചെറുകിട വിൽപ്പന ആരംഭിക്കുകയും ചെയ്തു. 2023 ഏപ്രിലോടെ കമ്പനി കൂടുതൽ ഉൽപന്നങ്ങൾ പുറത്തിറക്കുകയും ഉൽപാദനത്തിന് സമാനമനസ്കരായ കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുകയും ചെയ്തു.

"സമയത്തിന്റെയും വിഭവങ്ങളുടെയും പരിമിതി ബോധ്യമായതോടെയാണ് ഞങ്ങൾ മറ്റു നിർമാതാക്കളുമായി സഹകരിക്കാൻ തീരുമാനിച്ചത്. നിലവിൽ ഉമിയിൽ നിന്നും വൈക്കോലിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ നിർമിക്കുന്നത് തിരുവനന്തപുരത്താണ്. ഓലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ബെംഗളുരുവിന്റെ പുറംപ്രദേശങ്ങളിലും കരിമ്പിൻ ചാണ്ടിയിൽ നിന്നുള്ളവ ഗുജറാത്തിലുമാണ് നിർമിക്കുന്നത്," ഋഷഭ് പറഞ്ഞു.

Qudrat-plate
വൈക്കോലിൽ നിന്നുമുണ്ടാകുന്ന പ്ലേറ്റ് – Image: Special Arrangement

സ്റ്റാർട്ടപ്പ് ഇന്ത്യ, കേരള സ്റ്റാർട്ടപ് മിഷൻ, ഈവൈ എന്നിവരിൽ നിന്ന് ഖുദ്രത്തിന് 64 ലക്ഷം രൂപ ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. 75 ലക്ഷം രൂപയുടെ വിറ്റുവരവാണ്‌ ഈ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത്.

യുപിയിൽ നിന്നും കേരളത്തിലെത്തി വ്യവസായം ചെയ്യുന്ന അനുഭവത്തെക്കുറിച്ച് ഋഷഭിന് പറയാനുള്ളത് ഇതാണ്: ഓരോ പ്രദേശത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം. വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടേ ഏതു സംരംഭത്തിനും വളരാനാവൂ.

English Summary:

Uttar Pradesh Siblings Revolutionize Waste Management with Innovative Startup in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com