കാർ വിപണിയിൽ വൻകുതിപ്പിനുള്ള സാധ്യത: പാർഥോ ബാനർജി
Mail This Article
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകിയുടെ വിപണന വിഭാഗം മേധാവിയായി ചുമതലയേറ്റ പാർഥോ ബാനർജി ‘ബിസിനസ് മനോരമ’യോട്:
പുതിയ സ്വിഫ്റ്റ് രൂപപ്പെടുത്താൻ മാരുതി സുസുകി 1450 കോടി രൂപ മുതൽമുടക്കിയിട്ടുണ്ട്. ഇത്തരമൊരു കാറിന്റെ സാധ്യതകൾ എത്രത്തോളമാണ്.
ഇന്ത്യയിൽ ഇപ്പോഴും ഹാച്ബാക് വിപണിക്ക് വളരെ വലിയ വളർച്ചയുണ്ട്. മൊത്തം കാർ വിൽപനയുടെ 28% ഹാച്ബാക് കാറുകളാണ്. മൊത്തം ഹാച്ബാക് വിൽപനയിൽ 60 ശതമാനവും സ്വിഫ്റ്റ് ഉൾപ്പെടുന്ന പ്രീമിയം ഹാച്ബാക് വിഭാഗത്തിലാണ്. ഊർജക്ഷമതയും പരിസ്ഥിതിസൗഹൃദവും കൂടിയ പുതിയ സ്വിഫ്റ്റ് ഹാച്ബാക് വിപണിക്കു നവോന്മേഷമേകും. ഇപ്പോൾ രാജ്യത്ത് 1000 പേരിൽ 32 പേർക്കേ കാറുള്ളൂ. അതുകൊണ്ടുതന്നെ കാർ വിപണിക്ക് ഇനിയും വൻകുതിപ്പിനുള്ള സാധ്യത വളരെയേറെയാണ്.
സാധാരണക്കാർക്കും താങ്ങാനാകുന്ന വിലയുള്ള കാർ (എൻട്രി–ലെവൽ കാർ) എന്ന സങ്കൽപം തന്നെ മാറുകയല്ലേ.
‘താങ്ങാനാകുന്ന വില’ എന്നതു വെല്ലുവിളിതന്നെയാണ്. ഉപയോക്താക്കളുടെ അഭിലാഷങ്ങൾ വലുതാകുകയും സുരക്ഷാമാനദണ്ഡങ്ങൾ അടിക്കടി പരിഷ്കരിക്കപ്പെടുകയും ചെയ്യുമ്പോൾ അതൊക്കെ സാധ്യമാക്കാൻ വാഹന വില ഉയർത്തേണ്ടിവരുന്നു. അതേസമയം, ഉപയോക്താക്കളുടെ സാമ്പത്തികശേഷി ഇതേ തോതിൽ ഉയരുന്നുമില്ല. രാജ്യത്തിന്റെ മൊത്തം സാമ്പത്തികവളർച്ചയ്ക്കൊപ്പം ഈ സ്ഥിതിയിൽ പുരോഗതിയുണ്ടാകും.
കേരള വിപണിയിൽ ഹാച്ബാക് കാറുകളുടെ നില.
കേരളത്തിൽ വിൽക്കുന്ന 44% കാറുകളും ഹാച്ബാക് മോഡലുകളാണ്. ഇവിടെ ഹാച്ബാക് വിഭാഗത്തിൽ മാരുതി സുസുകിയുടെ വിഹിതം 74.2% വരും. അതിലേറെയും പ്രീമിയം ഹാച്ബാക് മോഡലുകളാണെന്നതു ശ്രദ്ധേയം. കേരളത്തിൽ വിൽക്കുന്ന 2 കാറുകളിലൊന്നു മാരുതി സുസുകിയുടേതാണ്. ഏറ്റവുമധികം വിൽപനയുള്ളത് സ്വിഫ്റ്റിന്. പിന്നാലെ വാഗൺ ആർ, ബലെനോ. ആദ്യ പത്തിൽ ഏഴും മാരുതിയുടേത്.
പുതിയ സ്വിഫ്റ്റിന്റെ എൻജിൻ മറ്റു മോഡലുകളിലേക്കും വരുമോ.
പുതിയ സെഡ് സീരീസ് 3–സിലിണ്ടർ പെട്രോൾ എൻജിൻ ഊർജക്ഷമതയ്ക്കു പ്രാധാന്യം നൽകുന്നു. മുൻ തലമുറ സ്വിഫ്റ്റിനെക്കാൾ 10% ഇന്ധനക്ഷമത മാനുവൽ ഗിയർ മോഡലിനും, 14% ഇന്ധനക്ഷമത എഎംടി ഓട്ടമാറ്റിക് മോഡലിനും കൂടി. കാർബൺ ഡയോക്സൈഡ് നിർഗമനത്തിൽ 12% കുറയ്ക്കാനും കഴിഞ്ഞു. തീർച്ചയായും മാരുതി സുസുകിയുടെ മറ്റ് മോഡലുകളും പുതിയ സെഡ് സീരീസ് എൻജിനുമായെത്തും.