രണ്ടു പേറ്റന്റുകൾ സ്വന്തമാക്കി മലയാളി സംരംഭകർ
Mail This Article
കൊച്ചി ∙ സ്മാർട്ട് ഫോൺ ഇന്ത്യയിൽ പിച്ചവച്ചു തുടങ്ങുന്ന കാലത്തേ നിർമിത ബുദ്ധി (എഐ) അധിഷ്ഠിത ആശയം അവതരിപ്പിച്ച ജോൺ മാത്യുവും നീരജ് മനോഹരനും. ദീർഘദൂര യാത്രയിൽ ബാക്ക് പാക്ക് പോലെ ഒപ്പം കൊണ്ടുപോകാവുന്ന ‘പോർട്ടബിൾ യൂറിനൽ പോട്ട്’ വികസിപ്പിച്ച ശ്യാം പ്രദീപ് ആലിൽ. പ്രതിഭയുടെ തിളക്കം പേറുന്ന പേറ്റന്റ് അംഗീകാരത്തിന്റെ നിറവിലാണ് ഈ മലയാളി സ്റ്റാർട്ടപ് സംരംഭകർ.
തിരിച്ചു സംസാരിക്കുന്ന ക്വിസ് എന്ന ആശയത്തിനാണ് ജോൺ മാത്യുവും നീരജും ഉൾപ്പെട്ട റിയാഫൈ ടെക്നോളജീസ് പേറ്റന്റ് നേടിയത്. ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിക്കറ്റ് താരം ആരെന്നു ചോദ്യത്തിനു സൗരവ് ഗാംഗുലിയെന്ന് ഉത്തരം നൽകിയാൽ ക്വിസ് ക്ലൂ തരും. സച്ചിൻ തെൻഡുൽക്കറെന്ന ഉത്തരത്തിലെത്തിക്കുന്ന ക്ലൂ. ഏതു രണ്ടു കാര്യങ്ങളും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കുന്ന എഐ എൻജിനാണ് അവർ വികസിപ്പിച്ചത്. ‘റിയ’ അഥവാ റിലേഷനൽ ഇന്റലിജൻസ് ആർട്ടിഫിഷ്യൽ സിസ്റ്റം.
ഒപ്പം കൊണ്ടു നടക്കാവുന്ന ‘പോർട്ടബിൾ യൂറിനൽ പോട്ട്’ എന്ന ആശയം വികസിപ്പിച്ചതിനാണ് ഇൻഫ്യൂസറി ടെക് ലാബ്സിന് പേറ്റന്റ്. പോർട്ടിറ്റോ എന്നു പേരിട്ട പോർട്ടബിൾ യൂറിനൽ പോട്ട് വിപണിയിലെത്തിക്കാൻ നിക്ഷേപകരെ തേടുകയാണു സഹസ്ഥാപകൻ ശ്യാം. സ്വകാര്യത നഷ്ടപ്പെടാതെ മൂത്രശങ്ക തീർക്കാൻ കഴിയും വിധമാണു പോർട്ടിറ്റോയുടെ രൂപകൽപന.