കൊച്ചി കാത്തിരിക്കുന്നത് വമ്പൻ നിക്ഷേപവും തൊഴിൽ അവസരങ്ങളും; പോളിപ്രൊപ്പിലിൻ പ്ലാന്റ് പ്രാരംഭ നടപടി തുടങ്ങി
Mail This Article
കൊച്ചി ∙ ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ പുതിയ പോളിപ്രൊപ്പിലിൻ പ്ലാന്റ് നിർമാണത്തിനുള്ള ഒരുക്കങ്ങൾ ഊർജിതം; കളമൊരുങ്ങുന്നതു വമ്പൻ നിക്ഷേപത്തിനും തൊഴിൽ അവസരങ്ങൾക്കും. 5,044 കോടി രൂപ മുതൽമുടക്കു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റായി എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിനെ (ഇഐഎൽ) നിയോഗിച്ചു. പ്രാരംഭ പ്രവർത്തനങ്ങളും ഇഐഎൽ തുടങ്ങി. റിഫൈനറിയിലെ പദ്ധതി പ്രദേശത്തു ചെറിയ തോതിലുള്ള നിർമാണ പ്രവൃത്തികളും ആരംഭിച്ചു.
മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം ബിപിസിഎൽ ബോർഡ് കഴിഞ്ഞ ഡിസംബർ 19 നാണു പദ്ധതിക്ക് അംഗീകാരം നൽകിയത്. പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ പദ്ധതി രാജ്യത്തിനു നേട്ടമായി മാറുമെന്നാണു പ്രതീക്ഷ. കോടിക്കണക്കിനു രൂപയുടെ പെട്രോകെമിക്കൽ ഉൽപന്നങ്ങളാണു രാജ്യം ഇറക്കുമതി ചെയ്യുന്നത്.
4 ലക്ഷം ടൺ വാർഷിക ഉൽപാദന ശേഷിയുള്ള പ്ലാന്റ് മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. വിവിധ വ്യവസായ മേഖലകളിൽ ആവശ്യമായ അസംസ്കൃത വസ്തുവാണു പോളിപ്രൊപ്പിലിൻ. പാക്കേജിങ് ഫിലിം, ഷീറ്റ്, ബോക്സ്, കണ്ടെയ്നർ, ബാഗ്, ഗാർഹിക സാമഗ്രികൾ, ഓട്ടമോട്ടീവ് വ്യവസായത്തിന് ആവശ്യമായ ബാറ്ററികൾ, ഇൻസ്ട്രുമെന്റ് പാനൽ, ഇന്റീരിയർ ഘടകങ്ങൾ തുടങ്ങിയവയുടെയെല്ലാം നിർമാണത്തിനു പോളിപ്രൊപ്പിലിൻ ഉപയോഗിക്കുന്നു.
പോളിയോൾസിന് പകരം
വളരെ പ്രതീക്ഷയോടെ പ്രഖ്യാപിച്ച പോളിയോൾസ് പദ്ധതി ഉപേക്ഷിച്ചതിനു ശേഷമാണു പോളിപ്രൊപ്പിലിൻ പ്ലാന്റിനു ബിപിസിഎൽ പച്ചക്കൊടി കാട്ടിയത്. 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട പദ്ധതി 2022 ഫെബ്രുവരിയിലാണ് ഉപേക്ഷിച്ചത്.