സ്കൂൾ തുറക്കാറായി; വിപണി ഉഷാറായി
Mail This Article
കൊച്ചി∙ സ്കൂൾ തുറക്കുന്നത് അടുത്തതോടെ മഴയുടെ കുളിരിലും ചൂടുപിടിക്കുകയാണ് സ്കൂൾ വിപണിക്ക്. യൂണിഫോമും ബാഗും ഷൂസൂം നോട്ട്ബുക്കുകളും എല്ലാമായി ഒരു കുട്ടിയെ സ്കൂളിൽ വിടാൻ ചുരുങ്ങിയത് നാലായിരം രൂപയ്ക്കു മുകളിൽ ചെലവാക്കണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ സ്കൂൾ വിപണിയിൽ വലിയ വിലക്കയറ്റം ഇല്ലെന്നു പറയുമ്പോഴും സ്കൂൾ ബാഗിനും ഷൂസിനും 5% മുതൽ 15% വരെ വില കൂടിയിട്ടുണ്ടെന്നു വ്യാപാരികൾ പറയുന്നു. എന്നാൽ നോട്ട്ബുക്ക് ഉൾപ്പെടെയുള്ള സ്റ്റേഷനറി സാധനങ്ങൾക്കും യൂണിഫോമിനും വിലയിൽ വലിയ മാറ്റമില്ല. ബാഗിന് 18%, കുടയ്ക്ക് 12% വീതം ജിഎസ്ടി ഉള്ളതാണ് ഇവയുടെ വില ഉയർന്നു നിൽക്കാനുള്ള കാരണമെന്നു വ്യാപാരികൾ പറഞ്ഞു.
ഏപ്രിലിൽ തണുത്തു നിന്ന വിപണി ഉഷാറായത് കുറച്ചു ദിവസം മുൻപു മാത്രം. വൻകിട സൂപ്പർ മാർക്കറ്റുകൾ എല്ലാം സ്കൂൾ സാധനങ്ങൾക്ക് വലിയ നിരക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ ബ്രാൻഡുകളെല്ലാം ഓഫർ നിരക്കിലാണ് സ്കൂൾ ബാഗുകൾ വിൽക്കുന്നത്. ഒന്നു മുതൽ അഞ്ചു വരെ വർഷം വാറന്റിയും നൽകുന്നു. പ്രമുഖ ബ്രാൻഡുകളുടെ വ്യാജൻമാരും വിപണിയിൽ സജീവം. വിപണി ആവശ്യപ്പെടുന്നതിനെക്കാൾ ഉൽപന്നങ്ങൾ എത്തുന്നതിനാൽ വിൽപന കൂട്ടാനുള്ള മത്സരവും ശക്തമാണ്. പല കടക്കാരും സ്കൂൾ സാധനങ്ങൾക്ക് സ്വന്തം നിലയിൽ ഡിസ്കൗണ്ട് നൽകുന്നുണ്ട്.
വൻ ഡിസ്കൗണ്ടുമായി കൺസ്യൂമർ ഫെഡ്
സർക്കാരിനു കീഴിലെ കൺസ്യൂമർ ഫെഡിന്റെ ഔട്‌ലെറ്റുകളിൽ ബാഗ്, കുട, നോട്ട്ബുക്ക് തുടങ്ങി സ്കൂൾ ആവശ്യത്തിനുള്ള സാധനങ്ങൾക്ക് ജൂൺ 15 വരെ 50% വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
3 മുതൽ 11 രൂപ വരെ വില കുറച്ചാണ് ത്രിവേണി ബ്രാൻഡിലുള്ള സ്കൂൾ, കോളജ് നോട്ട്ബുക്കുകൾ വിൽക്കുന്നത്. 96 മുതൽ 192 പേജുകളുള്ള സ്കൂൾ നോട്ട്ബുക്കുകൾ 21 രൂപ മുതൽ 40 രൂപ നിരക്കിലും കോളജ് നോട്ട് ബുക്കുകൾ 36 മുതൽ 55 രൂപ വരെ നിരക്കിലും ത്രിവേണി സ്റ്റോറുകളിൽ ലഭിക്കും.