സ്വർണ വിലയുടെ തിളക്കത്തിൽ മിന്നിത്തിളങ്ങി കസവ് സാരികളും മുണ്ടുകളും
Mail This Article
കൊച്ചി∙ സ്വർണ വിലയുടെ തിളക്കത്തിൽ മിന്നിത്തിളങ്ങുകയാണ് തനി തങ്കക്കസവിൽ നെയ്തെടുക്കുന്ന സാരികളും മുണ്ടുകളും. ഒരു പവൻ സ്വർണവില 55,000 രൂപയും കടന്നതോടെ സ്വർണക്കസവുള്ള സെറ്റുമുണ്ടുകൾക്കും സാരിക്കും രണ്ടു മാസം കൊണ്ട് 20–25% വില കയറിയതായി നെയ്ത്തുകാർ പറയുന്നു. കേരളത്തിൽ ബാലരാമപുരം മേഖലയിൽ ഏകദേശം മുപ്പത്തഞ്ചോളം തൊഴിലാളികൾ മാത്രമാണ് യഥാർഥ സ്വർണം ചേർത്ത കസവിൽ സാരി നെയ്യുന്നത്. ഒരു വർഷം ഏകദേശം 200 സാരികളാണ് ഇത്തരത്തിൽ ഇവിടെ നെയ്തെടുക്കുന്നത്.
കേരളത്തിലെ കടകളിൽ വിൽപനയ്ക്ക് എത്തുന്നതിൽ ഭൂരിഭാഗവും സാധാരണ കസവു സാരികളാണ്. സ്വർണക്കസവു സാരികൾ തറികളിൽ നെയ്തെടുക്കാനും സമയമെടുക്കും. 5 മുതൽ 60 ദിവസം വരെ എടുത്താണ് ഒരു സാരി നെയ്തെടുക്കുന്നതെന്നു നെയ്ത്തുകാർ പറയുന്നു. രണ്ട് ഇഞ്ച് വലിപ്പമുള്ള സ്വർണ കസവിന്റെ സെറ്റുമുണ്ടിന് 20,000 രൂപയാണ് വില. സ്വർണക്കസവിൽ നെയ്തെടുക്കുന്ന കാഞ്ചീപുരം പട്ടുസാരികൾക്ക് ലക്ഷങ്ങൾ വിലയുണ്ട്. ബാലരാമപുരത്ത് നെയ്തെടുക്കുന്നത് 24 കാരറ്റ് സ്വർണം പൂശിയ കസവാണ്. വെള്ളിക്കു മുകളിലാണ് സ്വർണം പൂശുന്നത്. സാരി നാശമായാലും കസവിനു വാങ്ങിയ വില ലഭിക്കുമെന്നും ഒരു കിലോഗ്രാം സ്വർണക്കസവിൽ 5–6 ഗ്രാം സ്വർണവും 650 ഗ്രാം വെള്ളിയും ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക് എന്നും നെയ്ത്തുകാർ പറഞ്ഞു.
ഏകദേശം 19200 മീറ്റർ നീളമുള്ള കസവ് നൂൽ 24,500 രൂപ നൽകിയാണ് നെയ്ത്ത് തൊഴിലാളികൾ വാങ്ങുന്നത്. വില കയറിയതോടെ ഇത് ഇനിയും കൂടുമെന്നും നെയ്ത്തു തൊഴിലാളിയായ ഡി.വി.ഡിജി പറയുന്നു. സൂറത്തിൽ നിന്നാണ് സ്വർണ കസവു നൂൽ വാങ്ങുന്നത്.
സ്വർണക്കസവുകളുള്ള യഥാർഥ കാഞ്ചീപുരം സാരികളുടെ വിലയിൽ 10 ശതമാനത്തിലേറെ വർധനയുണ്ടായിട്ടുണ്ടെന്നും ഇതു സ്വാഭാവികമാണെന്നും കാഞ്ചീപുരത്തെ നെയ്ത്തു തൊഴിലാളികൾ പറയുന്നു. 25,000 രൂപയിലാണു തുടക്കം. 2 ലക്ഷം രൂപയിലധികം വിലയുള്ള സാരികളും ലഭിക്കും.