കൊച്ചി വിമാനത്താവളം വഴി മരുന്ന് ഇറക്കുമതിക്ക് അനുമതി
Mail This Article
കൊച്ചി ∙ രാജ്യാന്തര വിമാനത്താവളം (സിയാൽ) വഴി മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഇറക്കുമതി ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിൽ ഭേദഗതി വരുത്തിയാണു പുതിയ ഉത്തരവിറക്കിയത്. ഇതോടെ ഈ അനുമതിയുള്ള 11 വിമാനത്താവളങ്ങളിലൊന്നായി കൊച്ചി.
ജീവൻരക്ഷാ മരുന്നുകളും മറ്റും ചെറിയ അളവിൽ പ്രത്യേക അനുമതി വാങ്ങിയാണ് ഇതുവരെ എത്തിച്ചിരുന്നത്. ഇനി മുതൽ കൊച്ചി വിമാനത്താവളം വഴി മരുന്നുകളും സൗന്ദര്യ വർധക വസ്തുക്കളും വൻ തോതിൽ ഇറക്കുമതി ചെയ്യാനാകും. വിദേശ സൗന്ദര്യ വർധക വസ്തുക്കൾ കപ്പൽ മാർഗമോ കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങൾ വഴിയോ ആണ് ഇതുവരെ കേരളത്തിൽ എത്തിച്ചിരുന്നത്. സിയാൽ ഡ്യൂട്ടി ഫ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ 25 വർഷമായി സൗന്ദര്യ വർധക വസ്തുക്കൾ കടൽ വഴിയാണ് ഇറക്കുമതി ചെയ്തിരുന്നത്.
വിമാന മാർഗം ഇറക്കുമതിക്ക് അനുമതി ആവശ്യപ്പെട്ടു സിയാൽ അധികൃതർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയതിന്റെ ഫലമായാണ് അംഗീകാരം. കേന്ദ്രാനുമതി ലഭിച്ചതോടെ ഇനി കൊച്ചിയിലൂടെ ഇത്തരം വസ്തുക്കളും വൻ തോതിൽ എത്തിക്കാനാകും എന്നതു വിമാനത്താവളത്തിന്റെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്നതിനൊപ്പം വാണിജ്യ മേഖലയ്ക്കും വൻ നേട്ടമാകും.