ADVERTISEMENT

കൊച്ചി∙ സ്വർണവില ഉയരങ്ങളിലേക്കു പറക്കുമ്പോൾ ആഭരണ രംഗത്തും നിക്ഷേപരംഗത്തും ഉണ്ടാകുന്നത് വൻ കുതിപ്പെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ സിഇഒ സച്ചിൻ ജയിൻ. ഈ വർഷം ആദ്യപാദത്തിൽ സ്വർണ നിക്ഷേപ രംഗത്തുണ്ടായത് മുൻവർഷത്തേക്കാൾ 19% വർധനയാണെന്ന് മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ജനുവരി–മാർച്ച് മാസങ്ങളിൽ നിക്ഷേപ ആവശ്യം 41.1 ടൺ ആയിരുന്നു. 

മുൻവർഷം ഇതേകാലയളവിൽ 34.4 ടണ്ണും. ഇതിന്റെ മൂല്യം കണക്കാക്കിയാൽ വർധന 32% ആണ്. ഈ വർഷം 22,720 കോടി രൂപയും കഴിഞ്ഞവർഷം ഇക്കാലയളവിൽ 17,200 കോടി രൂപയും. ആളുകളുടെ വരുമാനത്തിൽ‌ ഒരു ശതമാനം വർധനയുണ്ടായാൽ ഒരു ശതമാനം സ്വർണ വിൽപനയും വർധിക്കുന്നുണ്ടെന്നാണു കണക്ക്. 

ആഭരണം എന്നതിൽ നിന്നു മാറ്റി, ‍ഡിജിറ്റൈസേഷൻ, നിക്ഷേപം തുടങ്ങിയ മാർഗങ്ങളിലൂടെ സ്വർണത്തിന്റെ മൂല്യം കൂട്ടാനുള്ള ശ്രമങ്ങൾ തുടർന്നു വരികയാണ്. നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ യുവതലമുറ വിജയകരമായി ഉപയോഗപ്പെടുത്തുന്നുണ്ട്. 

ആഗോളതലത്തിൽ കുറഞ്ഞു, ഇന്ത്യയിൽ വർധിച്ചു

ജനുവരി–മാർച്ച് മാസങ്ങളിൽ ഇന്ത്യയുടെ സ്വർണാവശ്യത്തിൽ 8 ശതമാനം വർധനയുണ്ട്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 126.3 ടൺ ആയിരുന്നത് ഇപ്പോൾ 136.6 ടൺ ആയി. മൂല്യം കണക്കാക്കിയാൽ 75,470 കോടി രൂപ. സ്വർണാഭരണ ആവശ്യം ആഗോളതലത്തിൽ 2% കുറഞ്ഞപ്പോൾ ഇന്ത്യയിൽ 4% ആണ് വർധന. സ്വർണ ബാറുകൾക്കും നാണയങ്ങൾക്കുമുള്ള ആവശ്യം 19% വർധിച്ച് 41.1 ടണ്ണായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ സാങ്കേതികവിദ്യാ രംഗത്തെ സ്വർണ ഉപയോഗം ആഗോളതലത്തിൽ 10 ശതമാനമായി. ചിപ്പുകളിലാണ് സ്വർണം ഉപയോഗിക്കുന്നത്.

കേരളത്തിലെ വിൽപന അദ്ഭുതപ്പെടുത്തുന്നത്

ഇന്ത്യയുടെ സ്വർണവിപണിയിലേക്ക് വലിയ സംഭാവന നൽകുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ റീട്ടെയ്ൽ സ്വർണാഭരണ വിൽപന എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നതാണ്. എന്നാൽ കേളത്തിന്റെ സ്വർണവിൽപനയെ കുറിച്ചുള്ള കൃത്യമായ കണക്കുകൾ ഇപ്പോൾ വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യയുടെ പക്കലില്ല. 

ഇന്ത്യയ്ക്കു പ്രാധാന്യം ലഭിക്കണം

ഇന്ത്യയുടെ ജി‍‍ഡിപിയുടെ 6–7% സംഭാവന ചെയ്യുന്നത് സ്വർണവ്യാപാര മേഖലയാണ്. 800 ടൺ സ്വർണ ഉപയോഗമുള്ള രാജ്യത്ത് നമ്മൾ 100 ടൺ കയറ്റുമതി ചെയ്യുന്നുണ്ട്. നികുതിയിനത്തിൽ നല്ല വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നത്. നിലവിൽ ഗോൾഡ് സ്റ്റോക് എക്സ്ചേഞ്ച്, ഗോൾഡ് സ്പോട് എക്സ്ചേഞ്ചുകൾ എന്നിവിടങ്ങളിൽ സ്വർണവില നിശ്ചയിക്കുന്നതിൽ ഇന്ത്യയ്ക്കു വലിയ പ്രാധാന്യമില്ല. എന്നാൽ ഭാവിയിൽ ഈ മേഖലയിൽ സുപ്രധാന പങ്കുവഹിക്കാൻ കഴിയും. 

English Summary:

Sachin Jain speaks about the recent changes in the gold market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com