കാൻഡിയറിന്റെ 15% ഓഹരികൾ കൂടി സ്വന്തമാക്കി കല്യാൺ ജ്വല്ലേഴ്സ്
Mail This Article
കൊച്ചി∙ കല്യാൺ ജ്വല്ലേഴ്സിന്റെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയറിന്റെ 15% ഓഹരികൾ കൂടി കല്യാൺ ജ്വല്ലേഴ്സ് സ്വന്തമാക്കി. കാൻഡിയറിന്റെ സ്ഥാപകൻ രൂപേഷ് ജെയിനിന്റെ പക്കൽ അവശേഷിച്ച ഓഹരികളാണ് 42 കോടി രൂപയ്ക്ക് കല്യാൺ ജ്വല്ലേഴ്സ് വാങ്ങിയത്. ഇതോടെ കല്യാൺ ജ്വല്ലേഴ്സിന്റെ പൂർണ സബ്സിഡിയറിയായി കാൻഡിയർ മാറും.
2017ലാണ് കല്യാൺ ജ്വല്ലേഴ്സ് കാൻഡിയറിൻറെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇ- കൊമേഴ്സ് ബിസിനസ് രംഗത്തേക്കു പ്രവേശിച്ചത്. ഓൺലൈൻ ആഭരണവിൽപനയുമായി 2013ലാണ് കാൻഡിയർ തുടങ്ങുന്നത്. 2023-24 സാമ്പത്തികവർഷത്തിൽ കാൻഡിയറിന്റെ വാർഷിക വരുമാനം 130.3 കോടി രൂപയായിരുന്നു.
കാൻഡിയറിലൂടെ ആഭരണവ്യവസായ രംഗത്ത് ലൈറ്റ് വെയ്റ്റ്, ഫാഷൻ ഫോർവേഡ്, ആഗോളതലത്തിൽ താൽപര്യമുള്ള ഡിസൈനുകൾ എന്നിവയാണു ലക്ഷ്യമിടുന്നതെന്ന് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു.