ADVERTISEMENT

ഫോൺ വിളിച്ചയാൾ വേറേതോ ഭാഷയിലാണു സംസാരിക്കുന്നത്. ഹിന്ദിയും ഇംഗ്ലിഷും തെരിയും, അതിലൊന്നിലാണെങ്കിൽ സംസാരം തുടരാമെന്നു പറഞ്ഞു. ഇംഗ്ലിഷിലേക്കു മാറിയപ്പോഴാണ് വേറൊരു തെക്കേ ഇന്ത്യൻ സംസ്ഥാനത്തു നിന്നാണെന്നു മനസ്സിലായത്. ഉടൻ വരാമോ, ഇലക്‌ഷൻ പ്രചാരണത്തിനു ചുക്കാൻ പിടിക്കണം. പോയിനോക്കാമെന്ന് പരസ്യ ഏജൻസിയുടെ മേധാവി കരുതി. ദേ വന്നല്ലോ പിറ്റേന്നു കാലത്തേക്ക് 3 പേർക്ക് ഫ്ലൈറ്റ് ടിക്കറ്റ്.

അവിടെ ചെന്നപ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലിൽ 3 പേർക്ക് 3 സ്വീറ്റ് ബുക്ക് ചെയ്തിരിക്കുന്നു. കാണാൻ ആഗ്രഹിക്കുന്നതോ സംസ്ഥാനത്തെ ഉദ്യോഗസ്ഥ (ദുഷ്) പ്രഭുക്കൻമാരിൽ പ്രമുഖൻ. അവിടെ പാർട്ടിയും സർക്കാരും ഒന്നാണത്രെ. ഉദ്യോഗസ്ഥ പിരമിഡിന്റെ തുഞ്ചത്തിരുന്ന് ഭരണ പാർട്ടിയുടെ ഇലക്‌ഷൻ പ്രചാരണത്തിനു നേതൃത്വം കൊടുക്കുകയാണ്. മൂവർ സംഘം എങ്ങനെ പ്രചാരണം നടത്താമെന്ന് ചെറിയൊരു അവതരണം നടത്തി.

ഇഷ്ടപ്പെട്ടു. ഇലക്‌ഷൻ തന്ത്രങ്ങളൊന്നും പറ്റില്ല, ഇവിടത്തെ രാഷ്ട്രീയവും അറിയില്ല, പകരം ‘ക്രിയേറ്റിവ്സ്’ മാത്രം ചെയ്യാം. വിഡിയോ പരസ്യങ്ങൾ. ഒരു ക്രിയേറ്റിവിന് എത്ര കിട്ടിയാൽ അടങ്ങും...?? ഇമ്മാതിരി ഇടപാടിൽ മുൻ പരിചയം ഇല്ലാത്തതിനാൽ ഒരു തുക പറഞ്ഞു. ശകലം കൂട്ടിയാണു പറഞ്ഞത്. ഛേ.. ഇത്രയേ ഉള്ളോ എന്ന ഭാവം അവരിൽ. ഇരട്ടി ചോദിച്ചിരുന്നെങ്കിലും കിട്ടുമായിരുന്നു...!

ആനാൽ ഒണ്ണ്–കാശ് മുൻകൂർ വേണം. മൊത്തം വൈറ്റ് ആയിരിക്കണം. അപ്പടിയാ? നോ പ്രോബ്ലം. 3 ജ്ഞാനികളും അടുത്ത ‘ഫ്ലൈറ്റ് പിടിച്ച്’ കൊച്ചിയിലെത്തുമ്പോഴേക്കും ദേ വന്നു കിടക്കുന്നല്ലോ ബാങ്ക് അക്കൗണ്ടിൽ ചോദിച്ച കാശ്!

പിന്നെല്ലാം എടുപിടീന്നായിരുന്നു. ക്യാമറ ഉൾപ്പെടെ ഏഴെട്ട് ക്രിയേറ്റിവ് ടീമുകളെ അങ്ങോട്ടു വിട്ടു. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുള്ള വിഡിയോകളാണു തയാറേക്കേണ്ടത്. ഇംഗ്ലിഷിലെഴുതിയ കോപ്പി തെലുങ്ക് തിരക്കഥാകൃത്തുക്കളെക്കൊണ്ട് തർജമ ചെയ്യിച്ചു. 25 ദിവസത്തിനുള്ളിൽ 30 വിഡിയോകൾ ചെയ്തു കൊടുത്തപ്പോൾ അവരുടെ കണ്ണുതള്ളിപ്പോയത്രെ. മലയാളികൾ മോശമില്ല! ചാനലുകളിൽ വിഡിയോ പരസ്യങ്ങൾ നിറഞ്ഞു.

സർഗാത്മക ഏർപ്പാടുകളിൽ മലയാളി കഴിഞ്ഞേ ആരും വരൂ. പ്രത്യേകിച്ച് പരസ്യ, പ്രചാരണ പരിപാടികളിൽ. ഏതു കൊമ്പത്തെ ബഹുരാഷ്ട്ര പരസ്യ ഏജൻസിയുടെ തലപ്പത്തും മലയാളി കാണും. ക്രിയേറ്റിവ് ഡയറക്ടർ മിക്കവാറും കേരളത്തിൽ നിന്ന് കൂകൂ കുയിലുകൾ പാടും കുഗ്രാമക്കാരനായിരിക്കും. വേറെയും സംസ്ഥാനങ്ങളിൽ മലയാളീസിനെ ഇലക്‌ഷൻ കാലത്ത് വിളിക്കുന്നുണ്ട്. പരസ്യ ഏജൻസികൾക്ക് ഇതൊരു പുതിയ ചാകരക്കോളാണ്.

ഒടുവിലാൻ∙ഞങ്ങളെപ്പറ്റി ആര് പറഞ്ഞറിഞ്ഞു... എന്നൊരു ചോദ്യം പോയവർ ആദ്യമേ ഉന്നയിച്ചിരുന്നു. ഗൂഗിൾ ഉണ്ടല്ലോ എന്നു മറുപടി. വിജയകഥകൾ പണ്ട് പാണൻമാർ പാടിയിരുന്നത് ഇപ്പോൾ ഗൂഗിളാണു പാടുന്നത്.

English Summary:

Business boom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com