ADVERTISEMENT

ദേശീയതലത്തില്‍ കഴിഞ്ഞമാസം (മേയ്) റീടെയ്ല്‍ പണപ്പെരുപ്പം 12-മാസത്തെ താഴ്ചയിലെത്തിയിട്ടും കേരളത്തില്‍ ദൃശ്യമായത് കടകവിരുദ്ധമായ ട്രെന്‍ഡ്. നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തോത് വ്യക്തമാക്കുന്ന സൂചിക (റീടെയ്ല്‍ പണപ്പെരുപ്പം) പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞമാസം 5.47 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ (എന്‍എസ്ഒ) റിപ്പോര്‍ട്ട് പ്രകാരമാണിത്.

കഴിഞ്ഞമാസം വിലക്കയറ്റം ഏറ്റവും ഉയര്‍ന്ന 5 സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒഡീഷ (6.25%), കര്‍ണാടക (6.11%), തെലങ്കാന (5.97%), ആന്ധ്രാപ്രദേശ് (5.87%) എന്നിവയാണ് കേരളത്തിന് മുന്നിലുള്ളവ. അതേസമയം ഡല്‍ഹിയിലാണ് ഏറ്റവും കുറഞ്ഞ വിലക്കയറ്റം –1.99%. ഉത്തരാഖണ്ഡ് (3.37%), ബംഗാൾ (3.40%) എന്നിവിടങ്ങളിലും വിലക്കയറ്റത്തോത് കുറവാണ്.

കഴിഞ്ഞ സെപ്റ്റംബറിന് (6.26%) ശേഷം കേരളം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് ഈ മാസത്തേത്. ഒക്ടോബറിൽ 4.26, നവംബറില്‍ 4.80, ഡിസംബറില്‍ 4.28, ജനുവരിയില്‍ 4.04 എന്നിങ്ങനെയായിരുന്ന കേരളത്തിലെ വിലക്കയറ്റത്തിന്‍റെ ശതമാനക്കണക്ക്. തുടര്‍ന്നുള്ള മാസങ്ങളില്‍ ഉയരുന്നതായിരുന്നു കാഴ്ച. ഫെബ്രുവരിയില്‍ 4.64 ശതമാനത്തിലേക്കും മാര്‍ച്ചില്‍ 4.84 ശതമാനത്തിലേക്കും ഉയര്‍ന്ന പണപ്പെരുപ്പം ഏപ്രിലില്‍ 5.33 ശതമാനമായിരുന്നു.

തിരിച്ചടി ഗ്രാമീണ മേഖലകളില്‍

നഗര പ്രദേശങ്ങളില്‍ പണപ്പെരുപ്പം കുറയുമ്പോഴും ഗ്രാമീണമേഖലകളില്‍ കൂടുന്നതാണ് കേരളത്തിന് തിരിച്ചടി. കഴിഞ്ഞമാസം സംസ്ഥാനത്ത് നഗര മേഖലകളിലെ വിലക്കയറ്റത്തോത് ഏപ്രിലിലെ 5.10 ശതമാനത്തില്‍ നിന്ന് 4.91 ശതമാനത്തിലേക്ക് താഴ്ന്നപ്പോള്‍ ഗ്രാമപ്രദേശങ്ങളിലേത് 5.42 ശതമാനത്തില്‍ നിന്ന് 5.83 ശതമാനമായി ഉയര്‍ന്നു. പച്ചക്കറികളുടെ വിലക്കയറ്റമാണ് പ്രധാന പ്രതിസന്ധി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞത് വില കൂടാന്‍ വഴിയൊരുക്കി.

ഫയൽ ചിത്രം.
ഫയൽ ചിത്രം.

ദേശീയതലത്തില്‍ ആശ്വാസം
 

അതേസമയം ദേശീയതലത്തില്‍ കഴിഞ്ഞമാസം ചില്ലറ വിലക്കയറ്റത്തോത് ഒരുവര്‍ഷത്തെ താഴ്ചയായ 4.75 ശതമാനത്തിലെത്തി. ഏപ്രിലില്‍ 4.83 ശതമാനമായിരുന്നു. വിലക്കയറ്റം 4 ശതമാനത്തിലേക്ക് നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്‍റെ ലക്ഷ്യം. എങ്കിലും, ഇത് 6 ശതമാനം വരെ ഉയര്‍ന്നാലും ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. വിലക്കയറ്റത്തോത് 4 ശതമാനത്തിലേക്ക് കുറഞ്ഞാലേ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ തയ്യാറാകൂ.

English Summary:

Kerala Faces Unprecedented Price Surge Despite National Inflation Decline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com