ഡിസംബറിനകം ഒരുലക്ഷം കണക്‌ഷൻ ലക്ഷ്യവുമായി കെ–ഫോൺ
Mail This Article
കൊച്ചി ∙ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കമ്പനിയെന്ന വിശേഷണത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ. ഇതിനകം 12,000 ത്തിലേറെ വാണിജ്യ കണക്‌ഷനുകൾ നൽകിക്കഴിഞ്ഞു. സൗജന്യ കണക്‌ഷനുകൾക്കു പുറമേയാണിത്. സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെട്ടതോടെ പ്രതിദിനം 150 – 200 കണക്‌ഷൻ വീതമാണ് ഇപ്പോൾ നൽകുന്നത്.
അതേസമയം, കണക്‌ഷൻ നടപടികൾക്കു വേഗം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കെ –ഫോൺ അധികൃതർ ലോക്കൽ നെറ്റ്‌വർക് പ്രൊവൈഡർമാരുമായി (എൽഎൻപി) കൂടിക്കാഴ്ച നടത്തി. കെ–ഫോൺ എംഡി ഡോ.സന്തോഷ് ബാബു യോഗത്തിൽ പങ്കെടുത്തു. ഇതിനകം 10 ജില്ലകളിലാണ് കേബിൾ ഓപ്പറേറ്റർമാരുമായി കൂടിക്കാഴ്ച നടത്തിയത്. കൂടുതൽ ഓപ്പറേറ്റർമാരെ കെ –ഫോൺ ശൃംഖലയിലേക്ക് ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ട് കൊച്ചിയിൽ നടത്തിയ യോഗത്തിൽ 150 ഓപ്പറേറ്റർമാർ പങ്കെടുത്തു.
നിലവിലെ എൽഎൻപി പ്രതിനിധികൾ ഉന്നയിച്ച പ്രശ്നങ്ങൾക്കു പരിഹാരം കാണുമെന്നും അധികൃതർ അറിയിച്ചു.