ഇന്‍ഡെല്‍ മണിക്ക് 55.75 കോടി ലാഭം; പുതുതായി 80ലേറെ ശാഖകൾ തുറക്കും
Mail This Article
പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണി 2023-24 സാമ്പത്തിക വര്‍ഷം 55.75 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭം രേഖപ്പെടുത്തി. 2022-23ല്‍ ലാഭം 29.19 കോടി രൂപയായിരുന്നു. മൊത്ത പ്രവര്‍ത്തന വരുമാനം 185.23 കോടി രൂപയില്‍ നിന്ന് 56 ശതമാനം ഉയര്‍ന്ന് 289.01 കോടി രൂപയായി.
1,800 കോടി രൂപയുടെ ആസ്തികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. പ്രതിവര്‍ഷം 6,000 കോടിയോളം രൂപയുടെ വായ്പകളും വിതരണം ചെയ്യുന്നു. ഇതില്‍ 91 ശതമാനവും സ്വര്‍ണ വായ്പകളാണ്. നിലവില്‍ 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്‍ഡെല്‍ മണിക്ക് 320 ശാഖകളുണ്ട്. നടപ്പുവര്‍ഷം (2024-25) പുതുതായി 80ല്‍ അധികം ശാഖകള്‍ തുറക്കാനാണ് തീരുമാനം.
പുതിയ ഇടപാടുകാരുടെയും ശാഖകളുടെയും എണ്ണത്തിലുണ്ടായ വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച നേട്ടം രേഖപ്പെടുത്താന്‍ സഹായകമായെന്ന് ഇന്‍ഡെല്‍ മണി എക്സിക്യുട്ടീവ് ഡയറക്ടറും എംഡിയുമായ ഉമേഷ് മോഹനന് പറഞ്ഞു.