ADVERTISEMENT

വിവാഹിതരാണ് എന്നത്കൊണ്ട്  മാത്രം സ്ത്രീകളെ ജോലികളിൽനിന്ന് ഒഴിവാക്കുന്നുണ്ടോ? ആപ്പിൾ ഉപകരണങ്ങളുടെ ഇന്ത്യയിലെ പ്രധാന നിർമാതാക്കളായ ഫോക്‌സ്‌കോൺ സ്മാർട്ട്‌ഫോൺ പ്ലാന്റിലെ അസംബ്ലി ജോലികളിൽനിന്ന് വിവാഹിതരായ സ്ത്രീകളെ ഒഴിവാക്കുന്നു എന്ന വാർത്ത എല്ലാ ദേശീയ മാധ്യമങ്ങളും പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ വിവാഹിതരായ സ്ത്രീകൾക്ക് ജോലി കൊടുക്കാതിരിക്കുന്നത് ഫോക്‌സ്‌കോൺ മാത്രമാണോ?

ഐടി, ബാങ്കിങ് മേഖലകളിലും വിവാഹത്തോടെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം (വർക്ക് ഫോഴ്സ് പാർടിസിപേഷൻ) കുറയുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. സ്ത്രീകൾ പഠിച്ചാൽ മാത്രം മതിയോ? ജോലി ചെയ്യുകയും, സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് വളരുകയും വേണ്ടേ?

job

റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണം
 

അവിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച്, കുടുംബ ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാട്ടി ഫോക്‌സ്‌കോൺ വിവാഹിതരായ സ്ത്രീകൾക്ക് ജോലികളിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ റിക്രൂട്ട്‌മെന്റ് നിയമം ഉദ്യോഗാർഥികളെ സോഴ്‌സിങ് ചെയ്യുന്നതിനും അഭിമുഖം നടത്തുന്നതിനും ഉത്തരവാദിത്തമുള്ള ഇന്ത്യൻ റിക്രൂട്ട്‌മെന്റ് ഏജൻസികളെ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് ഫോക്‌സ്‌കോൺ ഇന്ത്യയിലെ മുൻ ഹ്യൂമൻ റിസോഴ്‌സ് എക്‌സിക്യൂട്ടീവായ എസ്. പോൾ വെളിപ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് പറയുന്നു.

ഗർഭധാരണം, അവധി എടുക്കൽ എന്നിവയുൾപ്പെടെ വിവാഹാനന്തരം നിരവധി കാര്യങ്ങൾ സ്ത്രീകൾക്ക് ഉണ്ടെന്നതിനാലാണ് ഇവരെ ഒഴിവാക്കുന്നത് എന്നാണ് 'ന്യായം'. ചില സ്ത്രീകൾ ധരിക്കുന്ന ആഭരണങ്ങളും ഉത്പാദന പ്രക്രിയകളിൽ തടസമാകാൻ സാധ്യതയുണ്ട് എന്ന കാര്യവും ഇവർ പറയുന്നു.

ഐടി കമ്പനികളിൽ സ്ത്രീ ജീവനക്കാരുടെ എണ്ണം കുറയുന്നു
 

വിപ്രോയിൽ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ 22000 സ്ത്രീ ജീവനക്കാരാണ് വിട്ടു പോയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇൻഫോസിസിലും ടിസിഎസിലും ഇതേ അവസ്ഥ തന്നെയാണ്. ഇൻഫോസിസിൽ നിന്നും 10786 സ്ത്രീകളാണ് ഈ വർഷം കുറഞ്ഞിരിക്കുന്നത്. ടിസിഎസിൽ 13249 സ്ത്രീ ജീവനക്കാർ കുറഞ്ഞു. ജോലി ചെയ്യേണ്ട മണിക്കൂറുകൾ കൂടുമ്പോൾ സ്ത്രീകൾ സ്വയം ജോലി വേണ്ടെന്ന് വയ്ക്കുന്നതും കുടുംബങ്ങൾ പിന്തുണ നൽകാത്തതും കൊഴിഞ്ഞു പോകലിന് ആക്കം കൂട്ടുന്നുണ്ട്. 

കാരണങ്ങൾ
 

ഐടി കമ്പനികളിൽ സ്ത്രീകൾക്ക് സഹപ്രവർത്തകരോടും മേലുദ്യോഗസ്ഥരോടും തുടർച്ചയായി തങ്ങളുടെ കഴിവ് തെളിയിക്കേണ്ടി വരുന്നെവെന്ന് പലരും പരാതിപ്പെടുന്നു. മാറി വരുന്ന സാങ്കേതിക വിദ്യയ്ക്കനുസരിച്ച് കഴിവ് തെളിയിക്കാൻ സ്ത്രീകൾ കൂടുതലായി നിർബന്ധിതരാകുന്നുവെന്നു ചുരുക്കം. ആൺ പെൺ വ്യത്യാസങ്ങളൊന്നും ഇല്ലെന്ന് പറയുന്ന ഐടി പോലുള്ള മേഖലയിൽ ഇത് വളരെയേറെ കൂടുതലാണ്.

it-job-gif

ഒരേ ജോലിക്ക് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ശമ്പളം കുറവാണെന്നതും നിരാശയുണ്ടാക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകളുടെ കാര്യം വരുമ്പോൾ, തങ്ങളുടെ സ്‌ത്രീ സമപ്രായക്കാരേക്കാൾ പുരുഷൻമാർ തങ്ങളുടെ പുരുഷ സുഹൃത്തുക്കളോടാണ് ബിസിനസിൽ ചേരാൻ ആവശ്യപ്പെടുന്നത്. കാരണം, സമാന താൽപര്യങ്ങളും ലോക വീക്ഷണവുമുള്ള ഒരു വ്യക്തിക്ക് ജോലി നൽകാൻ മാനേജർമാർ ഇഷ്ടപ്പെടുന്നു എന്നതാണ്  ന്യായീകരണം. 

ആപ്പിൾ, ഡെൽ, ഫേസ്ബുക്ക്, ഗൂഗിൾ, ഇന്റൽ പോലുള്ള മിക്ക രാജ്യാന്തര ടെക് കമ്പനികളിലും ഭൂരിഭാഗം ജീവനക്കാരും പുരുഷന്മാരാണ്. 

English Summary:

Married Women Face Job Exclusion: A Deep Dive into Foxconn's Hiring Practices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com