അദാനിയും ബിർളയും തമ്മിൽ സിമന്റ് യുദ്ധം
Mail This Article
മുംബൈ∙ കൂടുതൽ ഏറ്റെടുക്കലുകളുമായി ഒന്നാംസ്ഥാനത്തെത്താൻ അദാനി ഗ്രൂപ്പ് കരുക്കൾനീക്കുമ്പോൾ പുതിയ ചുവടുവയ്പുകളുമായി ആദിത്യ ബിർള ഗ്രൂപ്പ്. ചെന്നൈ ആസ്ഥാനമായ ഇന്ത്യാ സിമന്റിന്റെ 23% ഒാഹരികൾ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അൾട്രാടെക് സിമന്റ് സ്വന്തമാക്കും. 1885 കോടി രൂപയാണ് മൊത്തം ഇടപാടിന്റെ മൂല്യം. 267 രൂപ നിരക്കിൽ 7.06 കോടിയുടെ ഓഹരികളാണ് ഏറ്റെടുക്കുക. ഒരു മാസത്തിനകം ഇടപാടു പൂർത്തിയാകും.
കഴിഞ്ഞ ദിവസം പെന്ന സിമന്റിനെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ് സ്വന്തമാക്കിയിരുന്നു. ദക്ഷിണേന്ത്യയിലെ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. ചെന്നൈ ആസ്ഥാനമായ ഇന്ത്യാ സിമന്റിനെ അൾട്രാടെക് ഏറ്റെടുക്കുന്നതിന്റെ ഉദ്ദേശവും ദക്ഷിണേന്ത്യൻ വിപണി പിടിക്കുക തന്നെ. രാജ്യത്തെ ഏറ്റവും വലിയ സിമന്റ് നിർമാതാക്കളായ കുമാർ മംഗലം ബിർളയുടെ ലക്ഷ്യം മേഖലയിലെ ആധിപത്യം തന്നെയാണ്. എന്നാൽ 2022 സെപ്റ്റംബറിൽ അംബുജ –എസിസി കമ്പനികളെ സ്വന്തമാക്കി സിമന്റ് നിർമാണ മേഖലയിലേക്കു കടന്ന അദാനിക്കും ഇപ്പോൾ ഇതേ സ്വപ്നംതന്നെയാണ്. ഉൽപാദനം കൂട്ടാൻ കഴിഞ്ഞയിടെ അദാനി സാങ്ഘി ഇൻഡസ്ട്രീസ് ലിമിറ്റഡിനെയും മൈ ഹോം ഇൻഡസ്ട്രീസിന്റെ ഗ്രൈൻഡിങ് യൂണിറ്റിനെയും ഏറ്റെടുത്തിരുന്നു. പെന്ന സിമന്റിനൊപ്പം ഗുജറാത്തിലെ സൗരാഷ്ട്ര സിമന്റ്, ജയ്പ്രകാശ് അസോഷ്യേറ്റ്സിന്റെ സിമന്റ് ബിസിനസ്, എബിജി ഷിപ്‌യാഡിന്റെ വാദ്‌രാജ് സിമന്റ് എന്നിവയെയും ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായ പെന്ന സിമന്റിനെ 10,422 കോടി രൂപയ്ക്കാണ് അദാനി സ്വന്തമാക്കിയത്.