ADVERTISEMENT

രാജ്യത്തിന്റെ സാമ്പത്തികമേഖലയിലെ സുപ്രധാന ഘടകമാണ് ഇൻഷുറൻസ് സേവന മേഖല. ഇൻഷുറൻസ് സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വർധിപ്പിക്കുന്നതിനായി ‘ജൂൺ 28’ ഇൻഷുറൻസ് അവബോധ ദിനമായി ആചരിച്ച് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 

32 കമ്പനികൾ 

2024 ജനുവരിയിലെ കണക്കുകൾ പ്രകാരം 26 ലൈഫ് ഇൻഷുറൻസ് കമ്പനികളും ഒറ്റയ്ക്ക് പ്രവർത്തിക്കുന്ന 5 ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ ഉൾപ്പെടെ 32 ലൈഫ് ഇതര ജനറൽ ഇൻഷുറൻസ് കമ്പനികളും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ ഇൻഷുറൻസ് സേവന മേഖല. കൂടാതെ, പന്ത്രണ്ടോളം റീ ഇൻഷുറൻസ് കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. 

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ പൊതുമേഖലയിലും എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് തുടങ്ങിയവ സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ് കമ്പനികളാണ്. ന്യൂ ഇന്ത്യ അഷ്വറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി തുടങ്ങിയവ പൊതുമേഖലയിലും എച്ച്ഡിഎഫ്സി എർഗോ, ഐസിഐസിഐ ലൊംബാഡ് തുടങ്ങിയവ സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന ജനറൽ ഇൻഷുറൻസ് കമ്പനികളാണ്. 

 വ്യക്തിഗത ഇൻഷുറൻസ് സേവനങ്ങൾ സുതാര്യവും സുഗമവുമാക്കുന്നതിന് ഇൻഷുറൻസ് രംഗത്തെ നിയന്ത്രണവും മേൽനോട്ടവും വഹിക്കുന്നത് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എന്ന കേന്ദ്ര സ്ഥാപനമാണ്. 

പോളിസികൾ പലതരം‍ 

ലൈഫ് ഇൻഷുറൻസ് പോളിസികളിൽ ശുദ്ധമായ ഇൻഷുറൻസ് പരിരക്ഷ മാത്രം ലഭിക്കുന്ന പ്രീമിയം കുറവായ ടേം പോളിസികളും നിക്ഷേപം കൂടി കലർന്ന പരമ്പരാഗത പോളിസികളും ലഭ്യമാണ്. പോളിസിയുടമ മരണമടഞ്ഞാൽ മാത്രം പരിരക്ഷാ ആനുകൂല്യം ലഭിക്കുന്നവയാണ് ടേം പോളിസികൾ. പരമ്പരാഗത ലൈഫ് പോളിസികളിൽ വട്ടമെത്തുമ്പോൾ പോളിസിയുടമ ജീവിച്ചിരുന്നാൽ നിക്ഷേപമായി നൽകിയ പ്രീമിയം തുകയും മൂലധന വളർച്ചയും ഉൾപ്പെടെ തിരികെ ലഭിക്കും. 

പ്രീമിയം തുക ഓഹരികൾ ഉൾപ്പെടെ വിപണിയിൽ നിക്ഷേപിക്കുന്ന യൂണിറ്റുകളിൽ വിന്യസിക്കുകയും അതോടൊപ്പം പരിരക്ഷയും കൂടി ചേർത്ത് നൽകുന്ന യൂണിറ്റ് ലിങ്ക്ഡ് പോളിസികളുമുണ്ട്. പ്രീമിയം തുക ഒറ്റത്തവണയായി അടയ്ക്കാവുന്ന സിംഗിൾ പ്രീമിയം പോളിസികളും ഇടവേളകളിൽ തുടർച്ചയായി പ്രീമിയം അടയ്ക്കാവുന്ന പോളിസികളും ഉണ്ട്. 

ആശുപത്രി ചെലവുകൾ ഉൾപ്പെടെ മെഡിക്കൽ ചെലവുകൾക്ക് പരിരക്ഷ നൽകുന്നവയാണ് മെഡിക്കൽ പോളിസികൾ. 

ആരോഗ്യ ഇൻഷുറൻസ് 

അസുഖമുണ്ടായി ആശുപത്രിയിൽ കഴിയേണ്ടി വരുമ്പോൾ കയ്യിൽ നിന്നു ചെലവാക്കേണ്ടി വരുന്ന തുക തിരികെ നൽകുക, ചികിത്സാച്ചെലവ് ഇൻഷുറൻസ് കമ്പനികൾ തന്നെ ആശുപത്രികൾക്ക് നേരിട്ട് നൽകുക (കാഷ്‌ലെസ്) എന്നിങ്ങനെ രണ്ടു രീതിയിൽ മെഡിക്കൽ പോളിസികൾ ലഭ്യമാണ്. അസുഖം ബാധിക്കുമ്പോൾ ചികിത്സാച്ചെലവുകളുമായി ബന്ധപ്പെടുത്താതെ ഒരു നിശ്ചിത തുക പോളിസിയുടമയ്ക്ക് നൽകുന്ന രീതിയിലും മെഡിക്കൽ ഇൻഷുറൻസ് പോളിസികളുണ്ട്. 

പരാതി പരിഹാരത്തിന് ഓംബുഡ്സ്മാൻ 

ഇൻഷുറൻസ് സേവനം വാങ്ങുമ്പോഴും ക്ലെയിം നേടിയെടുക്കുന്നതിലും പോളിസിയുടമകൾക്ക് ഉണ്ടാകുന്ന പരാതികൾ പരിഹരിക്കുന്നതിന് ഇൻഷുറൻസ് ഓംബുഡ്സ്മാൻ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിനായി ഓംബുഡ്സ്മാൻ നൽകുന്ന വിധി 30 ദിവസത്തിനകം നടപ്പാക്കാൻ വീഴ്ച വരുത്തുന്ന ഇൻഷുറൻസ് കമ്പനികളിൽ നിന്നും ദിവസം തോറും 5,000 രൂപ പിഴ ഈടാക്കും. 

രാജ്യത്തെ ഗ്രാമീണ മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ ഇൻഷുറൻസ് സേവനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് `ബീമാ വിസ്താർ’ എന്ന പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഒരൊറ്റ പ്ലാറ്റ്ഫോമിന് കീഴിൽ ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കാൻ `ബീമ സുഗം’ സേവനം ഉടൻ നിലവിൽ വരും. 

ശ്രദ്ധിക്കാം.. 

∙ലൈഫ് ഇൻഷുറൻസ് പോളിസി എടുത്ത് തുടർച്ചയായി 3 വർഷം പ്രീമിയം അടച്ചു കഴിഞ്ഞ പോളിസികൾ നിലവിലുള്ളപ്പോൾ പോളിസിയുടമ മരണമടഞ്ഞാൽ എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ക്ലെയിം നിരസിക്കാൻ ഇൻഷുറൻസ് നിയമത്തിന്റെ 45-ാം വകുപ്പ് പ്രകാരം കമ്പനികൾക്ക് അധികാരമില്ല. 

∙ആദ്യമായി ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കുന്നത് സാധാരണ രീതിയിൽ 65 വയസ്സു വരെയാണെങ്കിലും 65 വയസിന് മുകളിലുള്ളവർക്ക് നിബന്ധനകളോടു കൂടി പ്രത്യേക പോളിസികൾ ലഭ്യമാണ്. 

∙ഒരിക്കൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തു കഴിഞ്ഞ് തുടർച്ചയായി പോളിസി പുതുക്കിക്കൊണ്ടിരിക്കുന്നവർക്ക് 65 വയസിനു ശേഷവും പോളിസികൾ പുതുക്കി നൽകണം. 

English Summary:

Insurance sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com