സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല, വരും ദിവസങ്ങളിൽ മുന്നേറ്റമുണ്ടാകുമോ?
Mail This Article
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,700 രൂപയിലും പവന് 53,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ജൂലൈ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമാണ് ഈ മാസം രേഖപെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്ന് ഒരു പവന്‍ വാങ്ങാൻ
ഇന്ന് ഒരു പവന്റെ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,022 രൂപ കൊടുക്കണം. ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരും.
രാജ്യാന്തര സ്വർണ വില
യു.എസിന്റെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മീറ്റിങിന്റെ മിനിറ്റ്‌സ് പുറത്തുവന്നതിന്റെയും പുതിയ സാമ്പത്തിക സൂചകങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്നലെ ഉയർന്ന സ്വർണ വില ഇന്നും മുന്നേറ്റം തുടരുകയാണ്. സ്‌പോട്ട് സ്വർണം 0.1 ശതമാനം ഉയർന്ന് ഔൺസിന് 2,358.14 ഡോളറിലെത്തി. യുഎസ് സ്വർണ ഫ്യൂച്ചറുകൾ 0.1 ശതമാനം ഇടിഞ്ഞ് 2,366.30 ഡോളറിലെത്തി.
വരും ദിവസങ്ങളിൽ സ്വർണത്തെ സ്വാധിനിക്കുന്ന ഘടകങ്ങൾ
സെപ്തംബറില്‍ പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍ എന്നിവയായിരിക്കും വരും ദിവസങ്ങളിലെ സ്വർണ വിലയെ സ്വാധീനിക്കുക. ഫെഡ് പലിശ നിരക്ക് കുറച്ചാല്‍ കടപ്പത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും ആകര്‍ഷകമല്ലാതാകും. ഇത് സ്വര്‍ണത്തിന് വീണ്ടും കുതിപ്പുണ്ടാക്കിയേക്കുമെന്ന് വിദഗ്ദർ വിലയിരുത്തുന്നു. അതോടൊപ്പം വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനും സ്വർണ വിലയെ സ്വാധിനിക്കാൻ കഴിയും.
സംസ്ഥാനത്തെ വെള്ളി വില
സംസ്ഥാനത്തെ വെള്ളിയുടെ നിരക്കിലും മാറ്റമില്ല. ഗ്രാമിന് 97 രൂപ നിരക്കിൽ വ്യാപാരം തുടരുന്നു.