രണ്ടാം നാളിലും മാറ്റമില്ലാതെ സ്വർണവില; രാജ്യാന്തര വിപണിക്ക് ചാഞ്ചാട്ടം
Mail This Article
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംനാളിലും സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 6,710 രൂപയിലും പവന് 53,680 രൂപയിലുമാണ് ഇന്ന് വ്യാപാരം. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 5,575 രൂപയിൽ തുടരുന്നു. വെള്ളിക്കും മാറ്റമില്ല, വില ഗ്രാമിന് 98 രൂപ.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ചാഞ്ചാട്ടത്തിലൂടെയാണ് സംസ്ഥാനത്ത് സ്വർണവില കടന്നുപോകുന്നത്. ഈമാസം ഒന്നിന് പവന് 53,000 രൂപയായിരുന്ന വില ജൂലൈ 6ന് 54,120 രൂപയിലേക്ക് കുതിച്ചുയർന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ താഴേക്കിറങ്ങി.
രാജ്യാന്തര വിപണിക്ക് ചാഞ്ചാട്ടം
രാജ്യാന്തര സ്വർണവില ഔൺസിന് 3-5 ഡോളർ നിരക്കിൽ ഉയർന്ന് ചാഞ്ചാടുകയാണ്. നിലവിൽ 2,368 ഡോളറിലാണ് വ്യാപാരം. ഒരുവേള വില 2,370 ഡോളർ കടന്നിരുന്നു.
യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ഈവാരം പുറത്തുവരുമെന്നത് വരുംദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും. പണപ്പെരുപ്പം മെച്ചപ്പെടുന്നുണ്ടെന്നും വരുംമാസങ്ങളിലെ കണക്കുകളും ആശാവഹമെങ്കിൽ പണനയത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ അത് സഹായകമാകുമെന്നും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്‍റെ ചെയർമാൻ ജെറോം പവൽ സൂചിപ്പിച്ചിട്ടുണ്ട്.
പലിശനിരക്ക് താഴുന്നത് സ്വർണത്തിന് നേട്ടമാകും. കാരണം, പലിശനിരക്ക് കുറഞ്ഞാൽ യുഎസ് കടപ്പത്രങ്ങളുടെ ആദായനിരക്ക് (ബോണ്ട് യീൽഡ്) അനാകർഷകമാകും. ഇത് സ്വർണ നിക്ഷേപങ്ങളിൽ താൽപര്യം കൂടാനിടവരുത്തും. ഫലത്തിൽ, വില ഉയരും.
ഒരു പവൻ ആഭരണത്തിന് ഇന്ന് എന്ത് നൽകണം?
53,680 രൂപയാണ് ഇന്നൊരു പവന്‍റെ വില. ഇതോടൊപ്പം മിനിമം 5 ശതമാനം പണിക്കൂലി, 53.10 രൂപ ഹോൾമാർക്ക് ഫീസ് (HUID Fee), മൂന്ന് ശതമാനം ജിഎസ്ടി എന്നിവയും നൽകണം. ഇന്നത്തെ നിരക്കുപ്രകാരം ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 58,110 രൂപ കൊടുക്കണം. ആഭരണത്തിന്‍റെ രൂപകൽപന അനുസരിച്ച് ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമായിരിക്കും. ചില ജുവലറികൾ പണിക്കൂലിയിൽ ഇളവുകൾ നൽകുന്നുണ്ട്.